114 യുദ്ധവിമാനങ്ങള്‍ വാങ്ങാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍; കളമൊരുങ്ങുന്നത് ഒരു ലക്ഷം കോടിയുടെ ഇടപാടിന്

ന്യൂഡല്‍ഹി: പ്രതിരോധ രംഗത്ത് ഒരു ലക്ഷം കോടിയുടെ പുതിയ ഇടപാടിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. 114 യുദ്ധവിമാനങ്ങളാണ് പുതുതായി വാങ്ങാന്‍ പോവുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ യുദ്ധവിമാന ഇടപാടെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതിനായുള്ള ടെണ്ടര്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

ബോയിങ്, ലോക്ഹീഡ് മാര്‍ട്ടിന്‍, സ്വീഡിഷ് കമ്പനിയായ സാബ് തുടങ്ങിയ വന്‍കിട ആയുധ കമ്പനികള്‍ രംഗത്തുണ്ട്. കഴിഞ്ഞവര്‍ഷം വിമാന ഇടപാടുമായി ബന്ധപ്പെട്ട് ചില നിബന്ധനകള്‍ പുറത്തുവിട്ടിരുന്നു. ഇത് പ്രകാരം 85 ശതമാനം ഉത്പാദനവും ഇന്ത്യയില്‍ നിന്നായിരിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്.

വ്യോമസേനക്കും നാവിക സേനക്കുമായി കുറഞ്ഞത് 400 ഒറ്റ എഞ്ചിന്‍, ഇരട്ട എഞ്ചിന്‍ യുദ്ധവിമാനങ്ങള്‍ ആവശ്യമുണ്ട്. ഇത് പരിഹരിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഫ്രാന്‍സുമായി ഒപ്പിട്ട റഫാല്‍ കരാര്‍ പ്രകാരമുള്ള ആദ്യ റാഫേല്‍ യുദ്ധവിമാനം ഉടന്‍ വ്യോമസേനയുടെ ഭാഗമാകും. അടിയന്തര പ്രാധാന്യം പരിഗണിച്ച് 36 യുദ്ധവിമാനങ്ങള്‍ക്കാണ് ഇന്ത്യ കരാര്‍ നല്‍കിയിരിക്കുന്നത്. വിമാനങ്ങള്‍ക്ക് പുറമെ യുദ്ധ ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, യുദ്ധക്കപ്പലുകള്‍, അന്തര്‍വാഹിനികള്‍ തുടങ്ങിയവയും ഇന്ത്യ വാങ്ങുന്നുണ്ട്.

അടുത്തിടെ പാകിസ്താന്റെ എഫ് 16 പോര്‍വിമാനം ഇന്ത്യന്‍ വ്യോമസേനയുടെ മുഖ്യ പോര്‍വിമാനമായ മിഗ് 21 വെടിവച്ച് വീഴ്ത്തിയതും നമ്മുടെ പോര്‍വിമാനങ്ങളുടെ കാലപ്പഴക്കം സംബന്ധിച്ച ആശങ്ക കൂട്ടിയിരുന്നു. സോവിയറ്റ് കാലത്ത് നിര്‍മിക്കപ്പെട്ടവയാണ് ഇന്ത്യയുടെ മിഗ് 21 വിമാനങ്ങള്‍. കഴിഞ്ഞ മോദി സര്‍ക്കാര്‍ ഫ്രാന്‍സുമായി നടത്തിയ വന്‍ അഴിമതി നടന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇത് നിരവധി രാഷ്ട്രീയ വിവാദങ്ങളാണ് രാജ്യത്തുണ്ടാക്കിയത്.