ഇന്ത്യയിലും അമേരിക്ക ഫസ്റ്റ് തന്നെ

കെ. മൊയ്തീന്‍കോയ

ട്രംപും നരേന്ദ്ര മോദിയും ഒരേ തൂവല്‍ പക്ഷികള്‍. വെള്ള വംശീയതയുടേയും തീവ്രദേശീയതയുടേയും മൂര്‍ത്തീമത്ഭാവമണ് ട്രംപ്. ഹിന്ദുത്വ ഫാസിസമാണ് മോദിയുടെ കൈമുതല്‍. അഹമ്മദാബാദ് സ്വീകരണവേദിയില്‍ ഇരുവരും തിമര്‍ത്തു. പരസ്പരം പ്രകീര്‍ത്തിച്ചു. പ്രശംസിച്ചു. അമേരിക്കന്‍ പ്രസിഡന്റിന് എല്ലാം ലാഭകച്ചവടം. അമേരിക്കയിലെ ഹൂസ്റ്റണില്‍ ഹൗഡി മോദി എന്ന പരിപാടിയും അഹമ്മദാബന്ദ് പരിപാടിയും ട്രംപിന് മികച്ച നേട്ടമായി. ഹൂസ്റ്റണിലെ പരിപാടിയില്‍ സംബന്ധിച്ചവര്‍ ഇന്ത്യന്‍ വംശജനായ അമേരിക്കക്കാര്‍. എതിരാളികളായ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ സ്വാധീന മേഖലയായ ഹൂസ്റ്റണില്‍ സ്വാധീനം ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം.

നവംബര്‍ 3 ന് നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടപ്പില്‍ ഇന്ത്യന്‍ വംശജരുടെ വോട്ട് നേടാന്‍ ഹൂസ്റ്റണിലെ വേദിയില്‍ മണിക്കുറൂകളോളം ട്രംപ് ചെലവഴിക്കാന്‍ സമയം കണ്ടെത്തുകയുണ്ടായി. അഹമ്മദാബാദിലും അതാവര്‍ത്തിച്ചു. ഇത്രയും വന്‍തുക ചെലവഴിച്ചിട്ടും ഇന്ത്യക്കുണ്ടായ നേട്ടമെന്ത്? വരുംനാളുകളില്‍ മോദി വിശദീകരിക്കേണ്ടിവരും.
അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപി ന്റെ ഇന്ത്യാസന്ദര്‍ശനം അദ്ദേഹത്തിന്റെ പ്രഖ്യാപിത മുദാവാക്യം പോലെ ‘അമേരിക്കന്‍ ഫസ്റ്റ്’തന്നെ. സ്വന്തം നാട്ടിലും പാശ്ചാത്യ സു ഹൃദ് രാജ്യങ്ങളിലും ലഭിക്കാത്തവിധം ഗംഭീര സ്വീകരണം, കൈനിറയെ ‘പണ’വും, ഇനിയെന്ത് വേണം ട്രം പിന്. 36 മണിക്കൂര്‍ നേരം അമേരിക്കന്‍ പ്രസിഡന്റ്ഇന്ത്യയില്‍ തങ്ങിയതിന് ചെലവ് 85 കോടി. ഇന്ത്യ ആഗ്രഹിച്ച വ്യാപാര കരാറിന് അമേരിക്ക തയാറായില്ല. അതിന് നിരവധിതടസ്സവാദം. ഇന്ത്യന്‍ നികുതി വന്‍തോതില്‍ ഉയര്‍ത്തിയിരിക്കുന്നത് മാറ്റണം. അതേസമയം ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി വര്‍ധന അമേരിക്ക പിന്‍വലിക്കാന്‍ തയാറുമില്ല. എന്നാല്‍ 21,589 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള പ്രതിരോധ കരാറില്‍ ഇന്ത്യ ഒപ്പ്‌വെച്ചത് അമേരിക്കക്ക് വന്‍ നേട്ടമായി.

മാനസികാരോഗ്യ ചികിത്സാരംഗത്ത് സഹകരണം, മരുന്നുകളുടെ സുരക്ഷ, ഇന്ധനം എന്നീ കരാറുകളില്‍ മാത്രമാണ് ഏര്‍പ്പെട്ടത്. ഇവയൊന്നും പ്രധാനപ്പെട്ടതല്ല. പ്രതിരോധ കരാര്‍ വഴി നേട്ടം അമേരിക്കക്ക് തന്നെ. അതേസമയം ഇറാനില്‍നിന്നു കുറഞ്ഞ വിലക്ക് പെട്രോള്‍ ഇറക്കുമതി ചെയ്യുന്നത് തടഞ്ഞ അമേരിക്ക ബദല്‍ സംവിധാനം നല്‍കാന്‍ തയാറായിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവുമധികം അലട്ടുന്നതാണ് പാകിസ്താനില്‍നിന്ന് അതിര്‍ത്തി കടന്നെത്തുന്ന ഭീകരര്‍. പാക് മണ്ണിലെ ഭീകരരെ അമര്‍ച്ച ചെയ്യണമെന്ന് സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടുമ്പോള്‍പോലും എന്താണ് മാര്‍ഗമെന്ന് ചൂണ്ടിക്കാണിക്കുന്നില്ല.

‘ഇന്ത്യ വിശ്വസ്ത സുഹൃത്ത്, പാകിസ്താന്‍ നല്ല സുഹൃത്ത്’ എന്ന് ഞാണിന്മേല്‍ കളിക്കുകയാണ് അഹമ്മദാബാദ് പ്രസംഗത്തില്‍ പ്രകടമായത്. പാകിസ്താനെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ അമേരിക്ക ഇപ്പോഴും തയാറില്ല. കശ്മീര്‍ പ്രശ്‌നത്തില്‍ ഇന്ത്യയുടെ നയത്തിന് വിരുദ്ധമായ അഭിപ്രായം മൂന്ന് തവണ പ്രകടിപ്പിച്ച ട്രംപ് ഇപ്പോഴും നിലപാട് മാറ്റിയില്ല. മാധ്യസ്ഥ ചര്‍ച്ചക്കു നേതൃത്വം നല്‍കാന്‍ തയാറെന്ന് അദ്ദേഹം പ്രഖ്യാപിച്ചതാണ്. ഇന്ത്യ ശക്തിയായി എതിര്‍ത്തു. അതേസമയം ഇസ്‌ലാമിക തീവ്രവാദ ശക്തികള്‍ക്കെതിരെ ഒന്നിച്ച് കൈകോര്‍ക്കുന്ന ഇരു നേതാക്കള്‍ക്കും ഒരേ മനസ്സാണുള്ളത്. എന്നാല്‍ അദ്ദേഹം രാജ്യ തലസ്ഥാനത്തുള്ളപ്പോള്‍ കലാപത്തിന് നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ തീവ്രവാദത്തെക്കുറിച്ച് ട്രംപിന് മൗനം. അദ്ദേഹം അതറിഞ്ഞമട്ടില്ല. ഇന്ത്യയിലെ പൗരത്വ നിയമ ഭേദഗതി വിവേചനപരമാണെന്ന് വൈറ്റ്ഹൗസ് വക്താവിന്റെ വിമര്‍ശനവും മോദിയുമായുള്ള ചര്‍ച്ചയില്‍ പരാമര്‍ശിക്കമെന്നുമുള്ള പ്രസ്താവനയും ഡല്‍ഹിയില്‍ എത്തിയപ്പോള്‍ വിസ്മരിക്കപ്പെട്ടു.

ഹൂസ്റ്റണിലും അഹമ്മദാബാദിലും പരസ്പരം പ്രശംസിച്ചപ്പോഴും നേട്ടം ട്രംപിന്. രണ്ടിടത്തും ഒരൊറ്റ അമേരിക്കക്കാരനും ഉണ്ടായിരുന്നില്ല. സംഘാടക സമിതിയില്‍ ഇന്ത്യന്‍ വംശജര്‍. അഹമ്മദാബാദിലാകട്ടെ, സദസ്സിലും സംഘാടകരിലും പ്രധാനം സംഘ്പരിവാര്‍ ശക്തികള്‍. ആദ്യം ഒരു കോടിയും തുടര്‍ന്ന് 70 ലക്ഷവും അവകാശപ്പെട്ടപ്പോള്‍ സ്റ്റേഡിയത്തിലെത്തിയത് ഒരു ലക്ഷത്തില്‍ താഴെ എന്നാണ് ദേശീയ മാധ്യമങ്ങളുടെ വിലയിരുത്തല്‍.

സ്വീകരണങ്ങളും സമ്മാനങ്ങളുമായാണ് അമേരിക്കന്‍ പ്രസിഡന്റ് തിരിച്ചുപോയത്. ചേരിചേരാപ്രസ്ഥാനത്തിന്റെ ശക്തിമാര്‍ഗമായ ഇന്ത്യ ഫലത്തില്‍ അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് മാത്രമല്ല, അവിടത്തെ ഭരണാധികാരികള്‍ക്ക് പോലും വിധേയര്‍. അന്താരാഷ്ട്ര കരാറുകള്‍ തന്നിഷ് ടപ്രകാരം കാറ്റില്‍ പറത്തുന്ന ട്രംപിനെ ആരും വിശ്വസിക്കില്ല. പാരീസ് കാലാവസ്ഥ ഉടമ്പടി, ഇറാന്‍ ആണവ കരാര്‍ തുടങ്ങിയവയില്‍നിന്നും ഏകപക്ഷീയമായി പിന്‍മാറിയ അമേരിക്ക ലോക സമൂഹത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുമ്പോള്‍ ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ സ്വീകരണം കൗതുകകരം തന്നെ.

SHARE