എഷ്യാകപ്പ്: അഫ്ഗാനോട് ടൈയില്‍ കുരുങ്ങി ഇന്ത്യ

ദുബൈ: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാന്റെ സമനിലക്കുരുക്ക്. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 253 റണ്‍സ് വിജയലക്ഷ്യം നേടാന്‍ ടീം ഇന്ത്യക്കായില്ല. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന്‍ 252 റണ്‍സെടുത്തത്. അതേസ്‌കോറിലെത്തുമ്പോഴേക്ക് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ എല്ലാവരും കൂടാരത്തില്‍ തിരിച്ചെത്തിയിരുന്നു.

ഓപ്പണര്‍മാരായ ലോകേഷ് രാഹുലും (60) അമ്പാട്ടി റായിഡുവും (57) ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. പതിനേഴാം ഓവറില്‍ റായിഡു പുറത്തായതിന് പിന്നാലെയെത്തിയ ദിനേശ് കാര്‍ത്തിക്ക് 44 റണ്‍സുമായി മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഇന്ത്യ അനായാസ ജയം ഉറപ്പിച്ചതാണ്. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു.

ധോണിയും മനീഷ് പാണ്ഡെയും കേദാര്‍ യാദവും വേഗത്തില്‍ പുറത്തായതോടെ ഇന്ത്യയുടെ സ്‌കോറിങ് വേഗം കുറഞ്ഞു. ധോണിയും പാണ്ഡെയും എട്ട് റണ്‍സ് മാത്രമെടുത്താണ് തിരിച്ചു കയറിയത്. ഒടുവില്‍ വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ നടത്തിയ ശ്രമങ്ങള്‍ക്കും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥന്‍ മുഹമ്മദ് ഷെഹ്‌സാദിന്റെ ഉജ്ജ്വല സെഞ്ച്വറിയുടേയും മുഹമ്മദ് നബിയുടെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തിലാണ് മികച്ച സ്‌കോര്‍ നേടിയത്.

SHARE