ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ചൈനയുടെ പിന്തുണയെന്ന് ഷീജിന്‍പിങ്

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന് തങ്ങളുടെ പിന്തുണയുണ്ടെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച നടന്നതിനു ശേഷമാണ് ചൈനീസ് പ്രസിഡന്റിന്റെ പരാമര്‍ശം. ബിഷ്‌കേകില്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് ചൈനീസ് പ്രസിഡന്റ് ഇക്കാര്യം പറഞ്ഞത്.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടന്നത്. തീവ്രവാദം അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ഒരു തരത്തിലുള്ള ചര്‍ച്ചക്കുമില്ലെന്ന് കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കിയിരുന്നു. നേരത്തെ ഇമ്രാന്‍ ഖാനുമായുള്ള കൂടിക്കാഴ്ച നടത്തുന്നതില്‍ നിന്ന് നരേന്ദ്ര മോദി പിന്‍മാറിയതും വലിയ വിവാദമായിരുന്നു.

2016-ലെ പത്താന്‍കോട്ട് ആക്രമണത്തിനു ശേഷം ഇന്ത്യ പാകിസ്ഥാനുമായി ബന്ധം സ്ഥാപിച്ചിട്ടില്ല. പുല്‍വാമ ആക്രമണം കൂടിയായതോടെ നില വീണ്ടും വഷളായി. തീവ്രവാദവും ചര്‍ച്ചയും തമ്മില്‍ ഒരുമിച്ചു മുന്നോട്ടു പോകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.

SHARE