നേരിട്ട് ഹാജരാവണം; അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പിന്റെ സമന്‍സ്

ന്യൂഡല്‍ഹി: വിവിധ നേതാക്കള്‍ക്ക് പിന്നാലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും പാര്‍ട്ടി ട്രഷററുമായ അഹമ്മദ് പട്ടേലിന് ആദായ നികുതി വകുപ്പിന്റെ സമന്‍സ്. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് കള്ളപ്പണം സ്വീകരിച്ചെന്ന് ആരോപിച്ചാണ് പട്ടേലിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചത്.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 2 മുതല്‍ വിവിധ സമയത്തായി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട 52 കേന്ദ്രങ്ങളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ആറ് നേതാക്കളുമായി ബന്ധപ്പെട്ടുള്ള കേന്ദ്രങ്ങളിലാണ് വകുപ്പ് പരിശോധന നടത്തിയിരുന്നത്. തെരഞ്ഞെടുപ്പ് ഫണ്ട് ലഭിച്ചതുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ പാര്‍ട്ടി നേതാക്കളുമായി ബന്ധപ്പെട്ട 52 കേന്ദ്രങ്ങളിലും കഴിഞ്ഞ ഒക്ടോബറിലും ഫെബ്രുവരിയിലും ഹൈദരാബാദ്, വിജയവാഡ എന്നീ സ്ഥലങ്ങളിലുമാണ് ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്.

2020 ഫെബ്രുവരി 6 ന് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ മേഘ എഞ്ചിനീയറിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡുമായി ബന്ധപ്പെട്ട 40 സ്ഥലങ്ങളിലും വകുപ്പ് പരിശോധന നടത്തി. ഇതിന് പിന്നാലെയാണ് ഫെബ്രുവരി 11 ന് പട്ടേലിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്. എന്നാല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പട്ടേല്‍ ഹാജരായിരുന്നില്ല. തുടര്‍ന്ന് ഫെബ്രുവരി 14ന് രണ്ടാമതും സമന്‍സ് അയച്ചെങ്കിലും പാര്‍ലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട തിരക്കിലാണെന്നും അതിന് ശേഷം ഐ.ടി വകുപ്പിന് മറുപടി നല്‍കുമെന്നുമാണ് പട്ടേല്‍ അറിയിച്ചത്.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് സംഭാവന ലഭിക്കുന്നത് സാധാരണ സംഭവമാണെന്നും പാര്‍ലമെന്റ് സമ്മേളനത്തിന് ശേഷം താന്‍ വകുപ്പിന് മുമ്പേ ഹാജരാകുമെന്നും അഹ്മദ് പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സംഭാവനയായി 550 കോടി രൂപ കള്ളപ്പണം സ്വീകരിച്ചെന്ന് ആരോപിച്ചാണ് പാര്‍ട്ടി ട്രഷറര്‍ കൂടിയായ അഹമ്മദ് പട്ടേലിനോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഹവാല ഇടപാടിലൂടെ ഹൈദരാബാദിലെ കമ്പനി 170 കോടി രൂപ കോണ്‍ഗ്രസിന് കൈമാറിയെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തല്‍.