ബഹ്‌റൈനില്‍ 3 മരണം; ഗള്‍ഫ് കൂടുതല്‍ കടുത്ത കോവിഡ് പ്രതിരോധ നീക്കങ്ങളിലേക്ക്

അശ്‌റഫ് തൂണേരി/ദോഹ:

മരണവും രോഗികളുടെ എണ്ണവും വര്‍ധിക്കുന്നതോടെ കോവിഡിനെ പ്രതിരോധിക്കാന്‍ കൂടുതല്‍ കടുത്ത സുരക്ഷാ നടപടികളിലേക്ക് ഗള്‍ഫ് രാഷ്ട്രങ്ങള്‍. ബഹ്‌റൈന്‍ നാളെ മുതല്‍ ഭാഗിക കര്‍ഫ്യൂ മുന്നറിയിപ്പ് നല്‍കുമ്പോള്‍ ഒമാനും കര്‍ശന കരുതല്‍ നീക്കങ്ങളുമായി രംഗത്തെത്തി. യു എ ഇയില്‍ വിമാന യാത്രകള്‍ ഉള്‍പ്പെടെ റദ്ദ് ചെയ്തിട്ടുണ്ട്.

ആദ്യകോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത സഊദിഅറേബ്യയില്‍ ഇന്നലെ മാത്രം 205 പുതിയ കേസുകളാണുണ്ടായത്. ഇതോടെ മൊത്തം 767 രോഗികളായി ഉയര്‍ന്നു. മദീനയിലുള്ള ഒരു അഫ്ഗാന്‍ പൗരനാണ് മരണമടഞ്ഞതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി കര്‍ഫ്യൂ നടപടികള്‍ കര്‍ശനമായി പാലിച്ചില്ലെങ്കില്‍ വന്‍പിഴയും ശിക്ഷയുമാണ് സഊദി നടപ്പിലാക്കുന്നത്.

ഇന്നലെയോടെ ബഹ്‌റൈനില്‍ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. കോവിഡ് പോസിറ്റീവായി ചികിത്സയിലായിരുന്ന വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ട് നേരിട്ടിരുന്ന ബഹ്‌റൈന്‍ സ്വദേശിയാണ് (65) മരണപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്നും മടങ്ങിയെത്തിയതായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ 2 മരണങ്ങള്‍ സ്ഥിരീകരിച്ചിരുന്നു. ബഹ്‌റൈനില്‍ ഇന്നലെ പുതുതായി 42 പേര്‍ക്ക് രോഗം കണ്ടെത്തി. ഇതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 212 ആയി. 2 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇതേവരെ 177 പേര്‍ രോഗം മാറി ഡിസ്ചാര്‍ജ്ജ് ആയിട്ടുണ്ടെന്നും ബാക്കിയുള്ളവരുടെയെല്ലാം ആരോഗ്യനില സുസ്ഥിരമാണെന്നും അധികൃതര്‍ പറഞ്ഞു. 27,109 പേരിലാണ് ഇതുവരെയായി പരിശോധനകള്‍ നടന്നത്. ബഹ്‌റൈന്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ്. രാജ്യത്ത് ഭാഗിക കര്‍ഫ്യു മാര്‍ച്ച് 26 മുതല്‍ പ്രാബല്യത്തില്‍ വരും. ഏപ്രില്‍ ഒന്‍പത് വരെ പതിനാല് ദിവസത്തേക്കാണിത്.മുന്‍കരുതലിന്റെ ഭാഗമായുള്ള നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണമന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. നേരത്തെ തന്നെ പൊതുസ്ഥലങ്ങളില്‍ അഞ്ചുപേരിലധികം കൂടി നില്‍ക്കരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ലംഘിച്ചാല്‍ പൊതുജനാരോഗ്യ നിയമത്തിലെ 121ാം വകുപ്പു പ്രകാരം മൂന്നുമാസം തടവോ 1000 മുതല്‍ 10,000 ദിനാര്‍ വരെ പിഴയോ രണ്ടുംകൂടിയുമോ ആണ് ശിക്ഷ.

നേരത്തെ 2 മരണം റിപ്പോര്‍ട്ട് ചെയ്ത യു എ ഇയില്‍ ഇന്നലെ 6 ഇന്ത്യക്കാരുള്‍പ്പെടെ 50 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. ഇതോടെ കോവിഡ് ബാധിതരുടെ എണ്ണം 248 ആയതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 4 പേരാണ് ഇന്നലെ രോഗം മാറിയവര്‍. മൊത്തത്തില്‍ 45 പേര്‍ രോഗ മുക്തരായിട്ടുണ്ട്. യു എ ഇയില്‍ നിന്ന് പുറത്തേക്കും രാജ്യത്തേക്കുമുള്ള എല്ലാ വിമാനങ്ങളും ഇന്നു മുതല്‍ നിര്‍ത്തലാക്കുകയാണ്. ട്രാന്‍സിറ്റും ഉണ്ടാവില്ല. ഷോപ്പിംഗ് മാളുകളുള്‍പ്പെടെ എല്ലാ വാണിജ്യ വ്യാപാര കേന്ദ്രങ്ങളും അടച്ചുപൂട്ടും. പഴം, പച്ചക്കറി, മത്സ്യ, മാംസ മാര്‍ക്കറ്റുകളും പൂര്‍ണ്ണമായും അടച്ചിടാന്‍ ഉത്തരവായി. രോഗം മറച്ചുവെച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്ന് നീതിന്യായ മന്ത്രാലയം വ്യക്തമാക്കി. തടവു ശിക്ഷയും അമ്പതിനായിരം ദിര്‍ഹം പിഴയുമാണ് ശിക്ഷ. സഹപ്രവര്‍ത്തകര്‍ക്ക് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞാലും രോഗി വാഹനത്തില്‍ യാത്ര ചെയ്താലും അറിയിക്കണം. ഇത്തരത്തില്‍ അറിഞ്ഞിട്ടും അവഗണിക്കുന്നവരും ശിക്ഷക്ക് വിധേയരാണ്.

ഖത്തറില്‍ ഇന്നലെ 25 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ 526 പേരിലേക്കാണ് കോവിഡ് പടര്‍ന്നത്. മൊത്തം 41 പേര്‍ക്ക് രോഗം ഭേദമായെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
അതിനിടെ ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിന്‍ ഖലീഫ അബ്ദുല്‍അസീസ് അല്‍താനി പൊതുജനങ്ങള്‍ വീടുകളിലിരിക്കാന്‍ ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്. ഹോം കോറന്റൈന്‍ വ്യവസ്ഥ ലംഘിച്ച 35 സ്വദേശികളെ അറസ്റ്റ് ചെയ്തതുള്‍പ്പെടെ ഖത്തര്‍ കൂടുതല്‍ കരുതല്‍ നടപടികളും സുരക്ഷാ തീരുമാനങ്ങളുമായി മുന്നോട്ടുപോവുന്നതോടൊപ്പം 18,000 കിടക്കകളുള്ള ഫീല്‍ഡ് ആശുപത്രികളും സജ്ജീകരിക്കുന്നുണ്ട്. നേരത്തെ ഖത്തര്‍ ആരോഗ്യമന്ത്രാലയം സായുധ സേനയുമായി സഹകരിച്ച് 4645 കിടക്കകളുള്ള 2 ഫീല്‍ഡ് ആശുപത്രികള്‍ സ്ഥാപിക്കുകയുണ്ടായി. കോവിഡിനെ പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമായ ആരോഗ്യസംവിധാനം ഖത്തറിലുണ്ടെന്നും ആളോഹരി ഡോക്ടര്‍മാരുടെ കാര്യത്തില്‍ ലോകത്തെ മികച്ച ആരോഗ്യസംരക്ഷണ സംവിധാനമാണ് ഖത്തറിന്റേതെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 1,000 പേര്‍ക്ക് 7.74 ഡോക്ടര്‍മാര്‍ എന്ന തോതില്‍ ഖത്തറിലുണ്ടെന്ന് വേള്‍ഡ് അറ്റ്‌ലസ് ഡോട്‌കോമും റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒമാനില്‍ ഇന്നലെ 18 പേര്‍ക്കു കൂടി കോവിഡ് കണ്ടെത്തി. ഇതില്‍ 11 പേരും നേരത്തെ രോഗബാധിതരായവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്. ഇതോടെ 84 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 17 പേര്‍ക്കാണ് രോഗം മാറിയത്. കോറന്റൈന്‍ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കും രോഗവിവരം മറച്ചുവെക്കുന്നവര്‍ക്കും കനത്ത ശിക്ഷ പ്രഖ്യാപിച്ചിട്ടുണ്ട്. ഒപ്പം തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുകയാണ് സര്‍ക്കാര്‍. എല്ലാ വാണിജ്യ സ്ഥാപനങ്ങളും കടകളുമടച്ചിടണമെന്ന നിര്‍ദ്ദേശത്തിനു പുറമെ ഒത്തുചേരലിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

കുവൈത്തില്‍ ചികിത്സയിലുള്ള 152 പേരും രോഗം കണ്ടെത്തിയ 191 പേരുമുണ്ടെന്ന് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പറയുന്നു. 5 പേരുടെ നില ഗുരുതരമാണ്. 39 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കര്‍ഫ്യൂ സുരക്ഷാ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുന്ന രാജ്യം കൂടിയാണ് കുവൈത്ത്.

SHARE