കമ്മ്യൂണിസ്റ്റുകള്‍ കേരളത്തിന്റെ യശ്ശസ് കെടുത്തുന്നു: സുസ്മിത ദേവ്.

കൊല്ലം: സമ്പൂര്‍ണ്ണ സാക്ഷരത നേടിയ മനോഹരമായ കേരളത്തിന്റെ യശ്ശസ് കമ്മ്യൂണിസ്റ്റുകള്‍ തകര്‍ക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷത സുസ്മിത ദേവ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തെ കമ്മ്യൂസ്റ്റ് സര്‍ക്കാര്‍ അക്രമത്തിലേക്ക് തള്ളിയിട്ടു. യുവജന യാത്രക്ക് കൊല്ലത്തു നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സാക്ഷര കേരളത്തില്‍ നിന്ന് പലപ്പോഴും കേള്‍ക്കുന്ന വാര്‍ത്തകള്‍ രാഷ്ട്രീയത്തിന്റെ പേരിലുള്ള അറും കൊലയാണ്. ഭരണത്തിന്റെ ബലത്തിലാണ് ഈ അറുംകൊല. ഷുഹൈബ് വധം നടന്നപ്പോള്‍ കണ്ണൂരിലെത്തിയ തനിക്ക് ഇക്കാര്യത്തെ കുറിച്ച് വ്യക്തമായറിയാം. 32 ശതമാനം മുസ്്‌ലിംകള്‍ അധിവസിക്കുന്ന ആസ്സാമില്‍ നിന്നാണ് വരുന്നത്. വര്‍ഗീയതയും സംഘര്‍ഷവും തലപൊക്കുമ്പോള്‍ പലപ്പോഴും ഇടപെടാറുണ്ട്.
ഭരണഘടനയുടെ ആത്മാവ് മതേതരമാണ്. ബി.ജെ.പി ഭരണഘടന സ്ഥാപനങ്ങളെ തകര്‍ത്ത് മൂല്ല്യങ്ങളെ ഇല്ലാതാക്കുന്നു. ബി.ജെ.പി അധികാരത്തിലെത്തിയതോടെ ഹിന്ദുവിന്റെ പേരിലുള്ള വര്‍ഗീയത പ്രചരിപ്പിക്കുന്നു. മോഹന്‍ ഭാഗവത്തിന്റെ ഹിന്ദുത്വവും ഹൈന്ദവതയും തമ്മില്‍ ബന്ധമില്ല. ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ആളുകളെ തല്ലിക്കൊല്ലുകയാണ്.
സ്വാതന്ത്ര്യ സമരത്തിലും രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തിലും സംഘ്പരിവാറിന് ഉയര്‍ത്തിക്കാണിക്കാന്‍ ഒരു നേതാവു പോലുമില്ല. ഉപപ്രധാനമന്ത്രിയായിരുന്ന വല്ലഭായ് പട്ടേല്‍ നിരോധിച്ച ആര്‍.എസ്.എസുകാരുടെ ഭരണം അദ്ദേഹത്തിന്റെ പേരില്‍ പ്രതിമ നിര്‍മ്മിക്കുന്ന കാലമാണ്.
മോദി വന്ന ശേഷം, നോട്ടു നിരോധനവും ജി.എസ്.ടിയും തുടങ്ങിയ തലതിരിഞ്ഞ നയത്തിലൂടെ രാജ്യത്തെ യുവാക്കളുടെ ജോലി ഇല്ലാതാക്കി. കുട്ടിക്കള്‍, സ്ത്രീകള്‍, കര്‍ഷകര്‍, ചെറുകിട വ്യവസായികള്‍ എല്ലാം ദുരിതക്കയത്തിലാണ്. ദാരിദ്ര്യം ഇല്ലാതാക്കുന്നതിന് പകരം സംഘര്‍ഷം പടര്‍ത്തി മുതലെടുക്കാമെന്ന ബി.ജെ.പിയുടെ വ്യാമോഹത്തിനാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുപ്പില്‍ ലഭിച്ച പ്രഹരം ലഭിച്ചത്.
രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടത്തുന്ന വര്‍ഗീയ മുക്ത ഭാരതം സാക്ഷാത്കരിക്കാന്‍ കലവറയില്ലാത്ത പിന്തുണയാണ് മുസ്്‌ലിം ലീഗ് നല്‍കുന്നത്. കേന്ദ്രത്തിലെയും കേരളത്തിലെയും ജനദ്രോഹ ഭരണകൂടങ്ങളെ താഴെയിറക്കും വരെ യുവാക്കള്‍ വിശ്രമിക്കില്ലെന്നും സുസ്മിത ദേവ് കൂട്ടിച്ചേര്‍ത്തു.

‘വര്‍ഗീയ മുക്ത ഭാരതം, അക്രമ രഹിത കേരളം , ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ’ എന്ന പ്രമേയത്തോടെ കഴിഞ്ഞ 24ന് മഞ്ചേശ്വരത്ത് നിന്നാരംഭിച്ച യാത്ര 600 കിലോമീറ്റര്‍ പദയ്രയായി സഞ്ചരിച്ച് നാളെ തിരുവനന്തപുരത്ത് സമാപിക്കും.