ഭോപ്പാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് നയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചത് അമിത് ഷായടക്കമുള്ള ബിജെപി കേന്ദ്രനേതൃമെന്ന് വ്യക്തമാക്കുന്ന വിവാദ ഓഡിയോ ക്ലിപ്പ് പുറത്ത്. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റേതെന്ന പേരിലുള്ള ഓഡിയോ ക്ലിപ്പാണ് മധ്യപ്രദേശില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഉപതെരഞ്ഞെടുപ്പടുത്തിരിക്കെ മധ്യപ്രദേശില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെയാണ് ചൗഹാന് ബിജെപി നേതാക്കളുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ചൗഹാന് ഇന്ദോറിലെ സന്‍വേര്‍ നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവിടെ വെച്ച് പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചതിന്റെ ഓഡിയോ ക്ലിപ്പാണ് പ്രചരിക്കുന്നതെന്നാണ് പറയപ്പെടുന്നത്.
ജ്യോതിരാദിത്യ സിന്ധ്യയേയും തുള്‍സി സിലാവതിനെയും കൂടെക്കൂട്ടാതെ സര്‍ക്കാരിനെ താഴെയിറക്കാന്‍ സാധിക്കില്ലായിരുന്നോയെന്ന് ഒരു നേതാവ് ഇതില്‍ ചോദിക്കുന്നുണ്ട്. ഇത് നിലവില്‍ ബിജെപിയിലുള്ള പടലപ്പിണക്കങ്ങള്‍ പുറത്തുകാണിക്കുന്നതെന്നാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ അങ്ങനെയല്ലാതെ മറ്റ് വഴികള്‍ ഒന്നുമില്ലായിരുന്നുവെന്നാണ് ചൗഹാന് മറുപടി നല്‍കുന്നത്.
“പറയൂ, ജ്യോതിരാദിത്യ സിന്ധ്യയും തുളസി സിലാവത്തും ഇല്ലാതെ സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമായിരുന്നോ? മറ്റ് മാർഗമില്ല.”. കേന്ദ്രനേതൃത്വമാണ് മധ്യപ്രദേശിലെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ തീരുമാനമെടുത്തതെന്നും അങ്ങനെ സംഭവിച്ചില്ലെങ്കില്‍ എല്ലാം നശിക്കുമെന്നും ചൗഹാന് ഓഡിയോ ക്ലിപ്പില്‍ പറയുന്നുണ്ട്.
തന്നെ പിന്തുണയ്ക്കുന്ന 22 എംഎല്‍എമാരുമായി ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ചതോടെയാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപതിച്ചത്. അതേസമയം, ഉപതെരഞ്ഞെടുപ്പടുത്തിരിക്കെ ബിജെപിക്കുള്ളിലെ സിന്ധ്യ വിരുദ്ധതയാണ് ഇപ്പോള്‍ ചൗഹാന്റെ തന്നെ ഓഡിയോ ക്ലിപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. നേരത്തെ സിന്ധ്യ ബിജെപിയില്‍ അസ്വസ്തനാണെന്നും ഉടന്‍ കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ പ്രചരണം സിന്ധ്യതന്നെ പിന്നീട് തള്ളി. അതേസമയം അദ്ദേഹത്തിന്റെ ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും ബിജെപിയെ നീക്കം ചെയ്ത നിലയാണ്. കഴിഞ്ഞ ദിവസം സിന്ധ്യയുടെ അടുത്ത അനുയായിയും മുന്‍ കോണ്‍ഗ്രസ് എംഎല്‍എയുമായ ഗ്വോളിയോറില്‍ നാട്ടുകാരാല്‍ അക്രമിക്കപ്പെട്ടിരുന്നു.
സര്‍ക്കാര്‍ അട്ടിമറി നടന്ന മധ്യപ്രദേശില്‍ എംഎല്‍എമാര്‍ രാജിവെച്ച ഒഴിവിലേക്ക് തെരഞ്ഞെടുപ്പ് കമ്മീഷന് ഇതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല. വരുന്ന സെപ്റ്റംബറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചൗഹാന്റെ അഭിപ്രായത്തോട് കോണ്‍ഗ്രസ് നേതാവ് നരേന്ദ്ര സലൂജ പ്രതികരിച്ചു. ”ജ്യോതിരാദിത്യ സിന്ധ്യയുടെയും വിശ്വസ്തരുടെയും സഹായത്തോടെ കമല്‍നാഥ് സര്‍ക്കാരിനെ വലിച്ചിഴയ്ക്കുന്നതില്‍ ബിജെപി നിര്‍ണായക പങ്കുവഹിച്ചെന്ന സത്യം ശിവരാജ് സിംഗ് ചൗഹാന് തന്നെ വ്യക്തമാക്കിയിരിക്കുകയാണെന്ന് സലൂജ പറഞ്ഞു. ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും ചൗഹാന്റെ പ്രസ്താവന വെളിപ്പെടുത്തുന്നതായും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
230 അംഗങ്ങളുള്ള മധ്യപ്രദേശ് നിയമസഭയിൽ നിലവിൽ 206 അംഗങ്ങളുണ്ട്, അതിൽ 107 പേർ ബിജെപിയിൽ നിന്നുള്ളവരാണ്. കോൺഗ്രസിൽ 92 അംഗങ്ങളുണ്ട്. നാല് സ്വതന്ത്രരും ഒരു സമാജ്വാദി പാർട്ടിയും മൂന്ന് ബിഎസ്പി എംഎൽഎമാരും ബിജെപി സർക്കാരിനെ പിന്തുണയ്ക്കുന്നു. ഇപ്പോഴത്തെ ഭൂരിപക്ഷ മാർക്ക് 104 ആണ്.