ന്യൂഡല്‍ഹി: ശക്തമായ പൊതുജനാരോഗ്യ നടപടികള്‍ സ്വീകരിക്കുകയും പൊതുജനങ്ങള്‍ ഉത്തരവാദിത്തത്തോടെ പെരുമാറുകയും ചെയ്താല്‍ സെപ്റ്റംബര്‍ മധ്യത്തോടെ കോവിഡ്-19 ഇന്ത്യയില്‍ മൂര്‍ധന്യത്തിലെത്തുമെന്നും അതിനു ശേഷം താഴേക്കു വരുമെന്നും ആരോഗ്യ വിദഗ്ധര്‍.
വിവിധ സംസ്ഥാനങ്ങളില്‍ പല സമയത്തായിരിക്കും കോവിഡ് മൂര്ധന്യത്തിലെത്തുകയെന്ന് പബ്ലിക് ഹെല്‍ത്ത് ഫൗണ്ടേഷന് ഓഫ് ഇന്ത്യ പ്രസിഡന്റും എയിംസിലെ ഹൃദ്രോഗവിഭാഗം മുന്‍ തലവനുമായ പ്രഫ. കെ. ശ്രീനാഥ് റെഡ്ഡി അഭിപ്രായപ്പെടുന്നു.
ലോക്ഡൗണിന്റെ രണ്ടാം ഘട്ടം വരെ ഇന്ത്യയില്‍ നിയന്ത്രണങ്ങള്‍ കര്ശനമായിരുന്നെന്നും മെയ് 3ന് ഇളവുകള്‍ ആരംഭിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോയതെന്നും ഇദ്ദേഹം പറയുന്നു. ഈ ഘട്ടത്തില്‍ രോഗലക്ഷണങ്ങളുള്ള വീടുകളിലെ സര്‍വേ, ദ്രുത പരിശോധന, ഐസലേഷന്‍, തീവ്രമായ സമ്പര്‍ക്ക അന്വേഷണം തുടങ്ങിയവ നിലനിര്ത്തേണ്ടതായിരുന്നെന്നും പ്രഫ. റെഡ്ഡി ചൂണ്ടിക്കാട്ടുന്നു.
പൊതുജനങ്ങള്‍ പുറത്തേക്ക് ഇറങ്ങുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളിലും വീഴ്ച സംഭവിച്ചെന്നും നിലവില്‍ ഹാര്‍വാര്‍ഡിലെ സാംക്രമികരോഗവിഭാഗം പ്രഫസറായ പ്രഫ. റെഡ്ഡി കുറ്റപ്പെടുത്തി. ആശുപത്രിയിലെ ബെഡുകളുടെ സൗകര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ആരോഗ്യ വകുപ്പും പ്രവര്‍ത്തകരും സമ്പര്‍ക്കാന്വേഷണം പൊലീസുകാര്‍ക്ക് വിട്ട് കൊടുത്തതും വീഴ്ചയായെന്ന് ഇദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇനി നമുക്ക് ചെയ്യാനുള്ള പ്രധാന കാര്യം വൈറസ് ഗ്രാമീണ ഇന്ത്യയിലേക്ക് കടക്കുന്നത് തടയലാണെന്ന് നിരവധി ദേശീയ, രാജ്യാന്തര ഗവേഷണ പഠനങ്ങളില്‍ പങ്കാളിയായ പ്രഫ. റെഡ്ഡി നിര്‍ദ്ദേശിക്കുന്നു. ചെറിയ പട്ടങ്ങളും ഗ്രാമീണ മേഖലകളും കഴിയാവുന്നിടത്തോളം സംരക്ഷിച്ച് നിര്‍ത്തണം. ഇന്ത്യയുടെ മൂന്നില്‍ രണ്ട് ഭാഗം ജനസംഖ്യയും വസിക്കുന്ന മേഖലകളായതിനാല്‍ ഇവിടങ്ങളില്‍ വൈറസ് വ്യാപിക്കുന്നത് വലിയ നാശം വിതയ്ക്കുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്കുന്നു.