തെരഞ്ഞെടുപ്പ് തോല്‍വി ; ശബരിമല വിഷയത്തില്‍ തീവ്രനിലപാട് മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെ തുടര്‍ന്ന് ശബരിമല വിധി നടപ്പാക്കിയതിലെ വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍. സുപ്രീംകോടതി വിധി നടപ്പാക്കുന്ന കാര്യത്തില്‍ തീവ്രനിലപാട് തുടരേണ്ട എന്നാണ് തീരുമാനം.

സിപിഎം സംസ്ഥാന കേന്ദ്ര നേതൃത്വങ്ങള്‍ തിരഞ്ഞെടുപ്പ് പരാജയം അവലോകനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ കാര്യത്തില്‍ പുനരാലോചനയ്ക്ക് സര്‍ക്കാര്‍ തയ്യാറാക്കുന്നത്.
വേഷപ്രച്ഛന്നരായി യുവതികളെ മലകയറ്റിയെന്നും ഒളിപ്പിച്ചുകടത്തിയെന്നുമുള്ള ആക്ഷേപങ്ങള്‍ക്ക് ഇടനല്‍കില്ല. സ്ത്രീവോട്ടുകള്‍ കൂട്ടത്തോടെ വിട്ടുപോയെന്നും പാര്‍ട്ടി തിരിച്ചറിയുന്നു. വിശ്വാസികളുടെ തെറ്റിദ്ധാരണ തീര്‍ക്കാന്‍ നടപടിയുണ്ടാകുമെന്ന് സംസ്ഥാന സമിതിക്കുശേഷം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ അവലോകന യോഗങ്ങളിലും ശബരിമലയിലെ സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു. ശബരിമലയല്ല തിരഞ്ഞെടുപ്പ് തിരിച്ചടിക്കുകാരണമെന്ന് തോല്‍വിക്കുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതില്‍നിന്ന് ഭിന്നമാണ് ഈ വിലയിരുത്തലുകള്‍.