സന്നാഹ മത്സരം; ബ്ലാസ്‌റ്റേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് റിയല്‍ കാശ്മീര്‍

കൊച്ചി: സ്വന്തം തട്ടകത്തില്‍ രണ്ടാം പ്രീസീസണ്‍ മത്സരിത്തിനിറങ്ങിയ കേരള ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി. പനമ്പിള്ളിനഗര്‍ സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഐ ലീഗ് കരുത്തരായ റിയല്‍ കാശ്മീര്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ഐ.എസ്.എല്‍ ടീമായ ബ്ലാസ്‌റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. ആദ്യ പകുതിയിലായിരുന്നു കാശ്മീരിന്റെ വിജയ ഗോള്‍.

ഇരു പകുതികളിലും വാശിയോടെ കളിച്ചെങ്കിലും സമനില ഗോള്‍ നേടാന്‍ ബ്ലാസ്‌റ്റേഴ്‌സിന് കഴിഞ്ഞില്ല. രഹനേഷ്, ജെസ്സെല്‍, ജിങ്കന്‍, ഹക്കു, റാകിപ്, മുസ്തഫ നിങ്, സഹല്‍, സിഡോ, നര്‍സാരി, പ്രശാന്ത്, ഒഗ്ബച്ചെ എന്നിവര്‍ ബ്ലാസ്‌റ്റേഴ്‌സിനായി ആദ്യ ഇലവനില്‍ തന്നെ കളത്തിലിറങ്ങി. യു.എ.ഇയിലെ പ്രീ സീസണ്‍ ഉപേക്ഷിച്ച് വന്ന ബ്ലാസ്‌റ്റേഴ്‌സ് കര്‍ണാടക ക്ലബായ സൗത്ത് യുണൈറ്റഡുമായുള്ള ആദ്യ പ്രീ സീസണ്‍ മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ജയിച്ചിരുന്നു. ഒക്‌ടോബര്‍ 20നാണ് ഐ.എസ്.എല്‍ ആറാം സീസണ്‍ കിക്കോഫ്. കൊച്ചിയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് എ.ടി.കെയെ നേരിടും.