ഒരേ പേര് ചതിച്ചു; കോവിഡ് മുക്തന് പകരം വിട്ടയച്ചത് കോവിഡ് രോഗിയെ

ഗുവാഹത്തി: കോവിഡില്‍ നിന്നും മുക്തമായ രോഗിയെ വിട്ടയക്കുന്നതിന് ചികിത്സയിലിരുന്ന അതേ പേരുള്ള കോവിഡ് രോഗിയെ വിട്ടയച്ച് അധികൃതര്‍. അസമില്‍ സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദറാങ് ജില്ലയിലെ മംഗല്‍ദായി സിവില്‍ ആസ്പത്രി അധികൃതര്‍ക്കാണ് ഗുരുതരവീഴ്ച സംഭവിച്ചത്.

സിവില്‍ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കോവിഡ് രോഗികളില്‍ രോഗമുക്തി നേടിയവരെ വിട്ടയക്കാന്‍ അധികൃതര്‍ നല്‍കിയ 14 പേരുടെ പട്ടികയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. ദല്‍ഗാവ് സ്വദേശികളായ രണ്ട് രോഗികള്‍ക്കും ഒരേ പേരായതോടെയാണ് വിട്ടയക്കുന്നതിനിടെ അധികൃതര്‍ക്ക് വീഴ്ച്ച സംഭവിച്ചത്. സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

ദറാങ്ങിലെ ദല്‍ഗാവ് സ്വദേശിയായ ഒരു രോഗി ജൂണ്‍ മൂന്ന് മുതലും അതേ പേരുള്ള മറ്റൊരു രോഗി ജൂണ്‍ അഞ്ച് മുതലും ആസ്പത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്നു. ഇതില്‍ കുടിയേറ്റ തൊഴിലാളിയായ ആള്‍ക്ക് രോഗമുക്തി നേടിതോടെ 14 പേരില്‍ ആറ് പേരെ ആദ്യം വിട്ടയയ്ക്കാനായിരുന്നു അധികൃതരുടെ തീരുമാനം.

പിഴവ് സംഭവിച്ചത് തിരിച്ചറിഞ്ഞതോടെ ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ ആംബുലന്‍സില്‍ ഗ്രാമത്തിലെത്തിച്ചേര്‍ന്ന ആളെ വ്യാഴാഴ്ച തന്നെ ആസ്പത്രിയില്‍ തിരികെയെത്തിച്ചു. അതേസമയം, തിരികെയെത്തിച്ച രോഗിയും തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ ദിലിപ് കുമാര്‍ അറിയിച്ചു.