പൗരത്വപട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവര്ക്കും അനധികൃത കുടിയേറ്റക്കാരെയും താമസിപ്പിക്കാനായി കര്‍ണാടക സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന തടങ്കല്‍ കേന്ദ്രത്തിന്റെ വീഡിയോ പുറത്ത്. ബെംഗളൂരു നഗരത്തില്‍ നിന്ന് 42 കിലോമീറ്റര്‍ മാറി സെണ്ടിക്കൊപ്പയില്‍ തയ്യാറാവുന്ന കേന്ദ്രത്തിന്റെ വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്. ജനുവരി ഒന്നിന് കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് പ്രാഥമിക വിവരം. 36 കേന്ദ്രങ്ങളാണ് സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് മുന്പ്് തന്നെ സര്‍ക്കാര്‍ പറഞ്ഞിരുന്നു.കര്‍ണാടകയില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമാണ് കേന്ദ്രത്തിന്റെ നിര്‍മ്മാണ നടപടികള്‍ ഇത്ര വേഗതയിലാവുന്നത്.
ഉയരം കൂടിയ ചുറ്റുമതില്‍, ബലമേറിയ മുള്ളുകമ്പിവേലി, രണ്ട് വാച്ച് ടവറുകള്‍, അടുക്കളയും കുളിമുറിയുമുള്ള 15 മുറികള്‍ അടങ്ങിയതാണ് തടങ്കല്‍ കേന്ദ്രം. സാമൂഹ്യക്ഷേമവകുപ്പിന് കീഴിലുണ്ടായിരുന്ന കെട്ടിടമാണ് ജയിലിലെന്ന പോലെ രൂപാന്തരം പ്രാപിച്ചത്.