ചൈനയില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ച കെട്ടിടം തകര്‍ന്നുവീണു

ബെയ്ജിങ്: ചൈനയില്‍ കൊറോണ നിരീക്ഷണത്തിലുള്ളവരെ പാര്‍പ്പിച്ച കെട്ടിടം തകര്‍ന്നുവീണ് 70 പേര്‍ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. ചൈനയിലെ ഫുജിയാന്‍ പ്രവിശ്യയില്‍ കൊവിഡ് 19 നീരീക്ഷണത്തിലുളളവര്‍ക്കായി ഒരുക്കിയ സിൻജിയ എക്സ്പ്രസ് ഹോട്ടലാണ് തകര്‍ന്നുവീണത്. എന്നാല്‍ അപകടത്തില്‍ മരണമോ പരിക്കുകളൊ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

തകര്‍ന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ 33 പേരെ രക്ഷപ്പെടുത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ നിപ്പോര്‍ട്ട് ചെയ്തു. കോവിഡ് 19 ബാധിതരുമായി അടുത്ത് ഇടപഴകിയവരെ ക്വാറന്റൈന്‍ ചെയ്യുന്നതിനുള്ള കേന്ദ്രമാക്കി മാറ്റിയ 80 മുറികളുള്ള ഹോട്ടലാണ് തകര്‍ന്നുവീണതെന്ന് റിപ്പോര്‍ട്ട്.

ശനിയാഴ്ച രാത്രി 7:30 ഓടെയാണ് ഹോട്ടല്‍ തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി വൈകിയും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
രണ്ട് വര്‍ഷം മുമ്പ് പണിപൂര്‍ത്തിയാക്കിയ ഹോട്ടല്‍ കെട്ടിടത്തിന്റെ നാലാം നില മുതല്‍ ഏഴാം നില വരെ പുതുതായി നിര്‍മ്മിച്ചതാണ്.
സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടാത്തതിനാല്‍ ചൈനയില്‍ കെട്ടിടം തകര്‍ന്നുവീഴുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കാറുണ്ട്.
അപടകത്തിന് മുമ്പ് ഉടമ കെടിടത്തിന്റെ തറയില്‍ മാറ്റം വരുത്തിയിരുന്നതായി ഹോട്ടല്‍ ജീവനക്കാരന്‍ പറഞ്ഞു.

വുഹാന്‍ പ്രവിശ്യയില്‍ കൊറോണ വൈറസ് രോഗം പടന്നതോടെ ചികിത്സാ സംബന്ധമായി ആസ്പത്രി അടക്കം നിരവധി താല്‍ക്കാലിക കെട്ടിടങ്ങള്‍ ചൈനീസ് സര്‍ക്കാര്‍ നിര്‍മ്മിച്ചിരുന്നു.

ഡിസംബറില്‍ വുഹാനിലാണ് ആദ്യമായി കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ടത്. ഇതുവരെ 80,000 ലധികം കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ശനിയാഴ്ച 99 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ജനുവരി 20 ന് ശേഷം ആദ്യമാണ് ഒരു ദിവസത്തില്‍ 100 ല്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത്്. 28 പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 3,070 ആയി ഉയര്‍ന്നു.