ഹൈദരാബാദിലെ മൃഗ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പ് രാജ്യത്തെ നടുക്കി വീണ്ടും ക്രൂരപീഡന കൊലപാതകം. ബീഹാറിലെ ബക്സര്‍ ജില്ലയിലെ കുക്കുദ ഗ്രാമത്തില്‍ നിന്നാണ് മനസ്സാക്ഷിയെ തകര്‍ക്കുന്ന സംഭവം അരങ്ങേറിയത്. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ വെടിവെച്ചതിന് ശേഷം കത്തിക്കുകയായിരുന്നു. ഇന്ന് രാവിലെ പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം ഇറ്റാദി പോലീസ് സ്റ്റേഷന്റെ അധികാരപരിധിയിലുള്ള വിജനമായ വയലില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു.
തലസ്ഥാനമായ പട്നയില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയാണ് ബക്സാര്‍.അരക്കെട്ടിന് മുകളിലാണ് പെണ്‍കുട്ടിക്ക് പൊള്ളലേറ്റതെന്ന് പൊലീസ് പറയുന്നു.കൊലപാതകത്തിന് മുന്‍പ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്നും തിങ്കളാഴ്ച രാത്രിയാവാം സംഭവമുണ്ടായതെന്നും ഡി എസ് പി പറഞ്ഞു. മരണപ്പെട്ട പെണ്‍കുട്ടിയുടെ പ്രായം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നു കഴിഞ്ഞാല്‍ മാത്രമേ പ്രായത്തെക്കുറിച്ചറിയൂ എന്ന് പൊലീസ് വ്യക്തമാക്കി. തെളിവുകള്‍ നശിപ്പിക്കാനാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് ശേഷം വെടിവച്ച് കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
നവംബര്‍ 27 ന് ഹൈദരാബാദില്‍ നാല് പേര് ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കി യുവ വെറ്റിനറിസ്റ്റിനെ ചുട്ടുകൊന്ന സംഭവത്തിന്റെ നടുക്കം മാറും മുന്‍പാണ് ബീഹാറില്‍ മറ്റൊരു കൊടും കൊലപാതകം നടക്കുന്നത്.
ഹൈദരാബാദ് കൊലപാതകത്തില്‍ ഉള്‍പ്പെട്ട ഒരു ട്രക്ക് ഡ്രൈവറും മൂന്ന് ക്ലീനര്‍മാരും ഉള്‍പ്പെടെ നാലുപേരെയും നവംബര്‍ 29 ന് അറസ്റ്റ് ചെയ്തിരുന്നു.