ഭോപ്പാലിലെ രാജാ ഭോജ് വിമാനത്താവളത്തിലെ എയര്‍ക്രാഫ്റ്റ് പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറി ഹെലികോപ്റ്ററിന്റെ നോസ്‌കോണിന് കേടുപാടു വരുത്തുകയും ടേക്ക് ഓഫിനു തയ്യാറെടുക്കുന്ന വിമാനത്തിനു മുന്നില്‍ കുത്തിയിരിക്കുകയും ചെയ്ത യുവാവ് പിടിയില്‍.
ഭോപ്പാല്‍ സ്വദേശിയായ യോഗേഷ് ത്രിപാഠി എന്നയാളെയാണ് സി.ഐ.എസ്.എഫ്. പിടികൂടി പോലീസിനു കൈമാറിയത്. പാര്‍ക്കിങ് ബേയില്‍ അതിക്രമിച്ചു കയറി ആദ്യം ഹെലികോപ്ടറിന്റെ നോസ് കോണിന് കേടുവരുത്തുകയായിരുന്നു. തുടര്‍ന്ന് ടേക്ക് ഓഫിനു മുമ്പുള്ള എന്‍ജിന്‍ സ്പൂളിങ് നടത്തിക്കൊണ്ടിരുന്ന സ്‌പൈസ് ജെറ്റ് വിമാനത്തിനു മുന്നില്‍ യോഗേഷ് കുത്തിയിരിക്കുകയും ചെയ്തു. 46 പേരുമായി ഭോപ്പാലില്‍നിന്ന് ഉദയ്പുറിലേക്ക് പുറപ്പെടാന്‍ ഒരുങ്ങുകയായിരുന്നു വിമാനം. യോഗേഷിന്റെ കുത്തിയിരിപ്പു കാരണം ഒരു മണിക്കൂറാണ് വിമാനം വൈകിയത്.