ആരോപണം തെളിയിക്കണം അല്ലെങ്കില്‍ രാജിവെക്കണം; നേപ്പാള്‍ പ്രധാനമന്ത്രി ഒലിയോട് പാര്‍ട്ടി- പിന്തുണയുമായി ഇമ്രാന്‍ ഖാന്‍

കാഠ്മണ്ഡു: നേപ്പാളിലെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവന സ്വന്തം പാര്‍ട്ടിയില്‍തന്നെ വിവാദമാവുന്നു. നേതാക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ച ഒലി അത് തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ നേപ്പാള്‍ പ്രധാനമന്ത്രിയുടെ രാജിക്കായി പാര്‍ട്ടിക്ക് പുറത്തും സമ്മര്‍ദ്ദമേറുന്നതായി റിപ്പോര്‍ട്ട്.

ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ.പി. ശര്‍മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്.

നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ നേതാക്കള്‍ ആഞ്ഞടിച്ചത്. ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുന്‍ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏറ്റുവമധികം വിമര്‍ശിച്ചത്. പ്രധാനമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും ഒലി രാജിവെക്കണമെന്ന് ഗൗതം ആവശ്യപ്പെട്ടു. രണ്ട് തസ്തികകളിലൊന്ന് നിലനിര്‍ത്താന്‍ നേരത്തെ ഒലിക്ക് ഒരു ഓപ്ഷന്‍ നല്‍കിയിരുന്നു.

ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ മുന്‍പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡയും പറഞ്ഞു. ‘ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം’ പ്രചണ്ഡ ഒലിയോട് പറഞ്ഞു.

ഒരു സൗഹൃദ രാജ്യത്തിനെതിരായി നിരുത്തവാദപരമായിട്ടാണ് പരമാര്‍ശങ്ങള്‍ നടത്തിയതെന്നും ഒലി തികഞ്ഞ പരാജയമായതിനാല്‍ രാജിവെക്കണമെന്നും മുന്‍പ്രധാനമന്ത്രിമാരായ മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കളും ആവശ്യപ്പെട്ടു.
അതേസമയം ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഒലി തന്റെ വാദങ്ങളെ ന്യായീകരിക്കാനും ശ്രമിച്ചു.

ഇന്ത്യയെ കുറ്റപ്പെടുത്തിയതില്‍ നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടുപോയ നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ ഒളിക്ക് പിന്തുണയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്.
അധികാരത്തില്‍ തുടരാന്‍ പാടുപെടുന്ന സമയത്താണ് ഒലിക്ക് പിന്തുണയുമായി ഇമ്രാന്‍ ഖാന്‍ എത്തിച്ചേരുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായുള്ള സംഭാഷണത്തിനായി് ഫോണ്‍ കോളിന് സമയം നിശ്ചയിക്കാന്‍ ഇസ്ലാമാബാദ് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തിന് സന്ദേശം അയച്ചതായി അധികൃതര്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. സംഭാഷണത്തിന്റെ കാതല്‍ ഇന്ത്യയാകുമെന്നാന്ന് സൂചന.

കറാച്ചിയിലെ പാകിസ്ഥാന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ ഇന്ത്യ കുറ്റപ്പെടുത്തി നേരത്തെ ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ലഡാക്കിനെച്ചൊല്ലി ഇന്ത്യ ചൈന സംഘര്‍ഷത്തിലും ഇമ്രാന്‍ഖാന്‍ സി ജിന്‍പിങ്ങുമായി സംഭാഷണത്തില്‍ ഏര്‍പ്പെതായി റിപ്പോര്‍ട്ടുണ്ട്. നേപ്പാള്‍ പ്രധാനമന്ത്രി ഒലി ചൈനയോട് വളരെയധികം ചായ്വുള്ള നേതാവാണ്. നിലവില്‍ ഹിമാലയന്‍ മേഖലയിലെ അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യയുമായി തര്‍ക്കത്തിലുള്ള നേപ്പാള്‍, അതിര്‍ത്തി വിഷയത്തില്‍ ചൈനയുടെ താല്‍പ്പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.