ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി; വധു ആത്മീയ ഉപദേശക

 

ലാഹോര്‍: മുന്‍ പാക് ക്രിക്കറ്റ് താരവും പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ്(പി.ടി.ഐ) അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്‍ വീണ്ടും വിവാഹിതനായി. ആത്മീയ ഉപദേശക ബുഷ്‌റ മനേകയാണ് വധു. ഇമ്രാന്‍ ഖാന്റെ മൂന്നാമത്തെ വിവാഹമാണിത്. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം ആത്മീയ ഉപദേശം തേടി മനേകയെ സമീപിച്ചത്. പിന്നീട് ഇരുവരും സുഹൃത്തുക്കളായി മാറി.

ഒടുവില്‍ അത് വിവാഹത്തില്‍ കലാശിക്കുയായിരുന്നു. തന്റെ പാര്‍ട്ടിയെക്കുറിച്ച് മനേക നടത്തിയ ചില പ്രവചനങ്ങള്‍ പുലര്‍ന്നതാണ് ഇമ്രാന്‍ഖാനെ അവരുമായി അടുപ്പിച്ചതെന്ന് അദ്ദേഹവുമായി അടുപ്പമുള്ള ചില വൃത്തങ്ങള്‍ പറയുന്നു. പിങ്കി പീര്‍ എന്ന പേരില്‍ അമറിയപ്പെടുന്ന മനേകക്ക് ആദ്യ വിവാഹത്തില്‍ അഞ്ച് മക്കളുണ്ട്. ഇമ്രാന്‍ ഖാനോടൊപ്പം ഒരുമിച്ച് ജീവിക്കാനായി മനേക ഭര്‍ത്താവില്‍നിന്ന് വിവാഹമോചനം നേടുകയായിരുന്നു. ലാഹോറില്‍ നടന്ന വിവാഹച്ചടങ്ങില്‍ ഉറ്റബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇമ്രാന്‍ഖാന്റെ വിവാഹവാര്‍ത്ത പി.ടി.ഐ സ്ഥിരീകരിച്ചു. ഇമ്രാന്‍ ഖാന്റെയും മുഖാവരണം ധരിച്ച മനേകയുടേയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 1995ല്‍ ബ്രിട്ടീഷുകാരിയായ ജെമീമ ഗോള്‍ഡ്‌സ്മിത്തിനെയാണ് ഇമ്രാന്‍ ഖാന്‍ ആദ്യമായി വിവാഹം ചെയ്തത്.

ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ടു ആണ്‍മക്കളുണ്ട്. 2004ല്‍ ഇരുവരും വിവാഹമോചിതരായി. ടെലിവിഷന്‍ അവതാരക റെഹം ഖാനെയാണ് അദ്ദേഹം രണ്ടാമത് വിവാഹം ചെയ്തത്. 10 മാസത്തിനുശേഷം 2015 ഒക്ടബോറില്‍ ആ ബന്ധവും അവസാനിച്ചു.

 

SHARE