ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 11ന് പാക് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്

ഇസ്‌ലാമാബാദ്: തഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇമ്രാന്‍ ഖാന്‍ ഓഗസ്റ്റ് 11ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോര്‍ട്ട്. റേഡിയോ പാക്കിസ്ഥാനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഖൈബര്‍ പക്തൂണ്‍ ഖ്വ പ്രവിശ്യയില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമെന്നും ഇമ്രാന്‍ വ്യക്തമാക്കി. സിന്ധ് ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനത്തിന് തന്റെ ഗവണ്‍മെന്റിന്റെ മുന്‍ഗണനകളില്‍ ഒന്നായിരിക്കുമെന്നും ഇമ്രാന്‍ വ്യക്തമാക്കി. പാക് സ്വതന്ത്ര്യ ദിനമായ ഓഗസ്റ്റ് 14ന് മുമ്പ് ഇമ്രാന്‍ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാര്‍ട്ടി വക്താവ് നയീമുല്‍ ഹഖ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ജൂലൈ 25ന് നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇമ്രാന്റെ പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ കേവല ഭൂരിപക്ഷം തികക്കാന്‍ ഏതാനും സീറ്റുകള്‍ കൂടിവേണം. ഇതിനായി ചെറുകക്ഷികളുടേയും സ്വതന്ത്രരുടേയും പിന്തുണ തേടുമെന്ന് പാര്‍ട്ടി നേതാക്കള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

SHARE