‘അവന്‍ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു, എന്റെ ലോകം തകര്‍ന്നു. ഇനിയൊന്നും അവശേഷിക്കുന്നില്ല’; ഡല്‍ഹി വംശഹത്യയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫര്‍ഖാന്റെ സഹോദരന്‍ വിതുമ്പുന്നു

ന്യൂഡല്‍ഹി: ‘എന്റെ ലോകം തകര്‍ന്നു. ഇനിയൊന്നും അവശേഷിക്കുന്നില്ല ..അവന് രണ്ടു കുഞ്ഞുങ്ങളാണ്’- ഡല്‍ഹിയില്‍ ഇന്നലെയുണ്ടായ മുസ്ലിംവംശഹത്യയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫര്‍ഖാന്റെ സഹോദരന്‍ ഇമ്രാന്‍ ഇതു പറയുമ്പോള്‍ വിതുമ്പുകയാണ്. തന്റെ കണ്‍മുന്നില്‍ നിന്നുപോയ സഹോദരന്‍ കൊല്ലപ്പെട്ടുവെന്ന് ഈ നേരം വരേയും തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഇമ്രാന്‍ പറയുന്നു. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ജഫാര്‍ബാദിനടുത്ത് കര്‍ദംപുരിയിലാണ് ഇവരുടെ താമസം.

ഉച്ചക്ക് 2.30വരെ അവന്‍ വീട്ടിലുണ്ടായിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കടകള്‍ അടക്കുമെന്ന് ഭയന്ന് കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങാന്‍ പോയതായിരുന്നു അവനെന്ന് ഇമ്രാന്‍ പറയുന്നു. പിന്നീടാണ് ഫോണിലേക്ക് വിളി വരുന്നത്. സഹോദരന്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു അത്. തുടര്‍ന്ന് താന്‍ ജിടിബി ആസ്പത്രിയിലേക്ക് കുതിച്ചെത്തിയെങ്കിലും മരണം സംഭവിച്ചുവെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇമ്രാന്‍ പറഞ്ഞു.

‘സഹോദരന് ചെറിയ രണ്ടു കുഞ്ഞുങ്ങളാണ്. അവന്‍ ഇല്ലാതായതോടെ എന്റെ ലോകം തകര്‍ന്നു. ഇനിയൊന്നും നഷ്ടപ്പെടാനില്ല’;-ഇമ്രാന്‍ പറഞ്ഞു. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ ഏഴുപേര്‍ കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഏറ്റുമുട്ടലില്‍ വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഗോകുല്‍പുരി എ.സി.പി. ഓഫീസിലെ ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ ലാലും (42) നാട്ടുകാരനായ ഫര്‍ഖന്‍ അന്‍സാരിയും (32) ഉള്‍പ്പെടെ 7 പേര്‍ കൊല്ലപ്പെട്ടു. ഇതേത്തുടര്‍ന്ന് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്.

കല്ലേറില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തന്‍ലാലിന്റെ മരണത്തിനിടയാക്കിയത്. അക്രമത്തില്‍ പരിക്കേറ്റ അഞ്ചു പേര്‍ ചികിത്സയിലിരിക്കെയാണ് കൊല്ലപ്പെട്ടത്. അക്രമികളുടെ വെടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഗുരു തേജ് ബഹാദൂര്‍ ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. പരിക്കേറ്റ നിലയില്‍ ജി.ടി.ബി. ആസ്പത്രിയിലെത്തിച്ചശേഷമാണ് ഫര്‍ഖന്‍ അന്‍സാരി മരിച്ചത്. അന്‍സാരിക്ക് വെടിയേറ്റതാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഏഴ് പേര്‍ വെടിയേറ്റ് വിവിധ ആസ്പത്രികളില്‍ ചികിത്സയിലാണ്.