സാമ്പത്തിക തകര്‍ച്ച; ഐ.എം.എഫ് മുഖ്യ ഗീത ഗോപിനാഥിനെതിരെ ആക്രമണം ഉണ്ടായേക്കാം: പരിഹസിച്ച് ചിദംബരം

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച കുത്തനെ കുറഞ്ഞുവെന്നും ഇത് ആഗോളാ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും പറഞ്ഞ രാജ്യാന്തര നാണ്യ നിധിക്കും (ഐഎംഎഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥിനുമെതിരെ മന്ത്രിമാര്‍ ആക്രമണം നടത്തുമെന്ന് മുന്‍ കേന്ദ്ര ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.8 ശതമാനമായി വെട്ടിക്കുറച്ച അന്താരാഷ്ട്ര നാണ്യ നിധിയേയും അതിന്റെ മുഖ്യ സാമ്പത്തിക വിദഗ്ദ്ധ ഗീതാ ഗോപിനാഥിനെ കേന്ദ്ര മന്ത്രിമാര്‍ ആക്രമിക്കുമ്പോള്‍ അതിനെ നേരിടാന്‍ തയ്യാറെടുക്കണമെന്ന് ട്വീറ്റുകളിലൂടെ പരിഹാസരൂപേണയായിരുന്നു അദ്ദേഹം മുന്നറിയിപ്പ്.

“നോട്ട് നിരോധനത്തെ ആദ്യം തള്ളിപ്പറഞ്ഞ ആളാണ് ഗീതാ ഗോപിനാഥ്. അതുകൊണ്ട് തന്നെ ഐ.എം.എഫിനെതിരേയും ഗീതാഗോപിനാഥിനെതിരേയും മന്ത്രിമാരടക്കം അക്രമിക്കും. അതിനെ നേരിടാന്‍ നാം തയ്യാറെടുക്കേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു”, ചിദംബരം ട്വീറ്റ് ചെയ്തു.

4.8% വളർച്ച പുറംമോടിയാണെന്നും ഇതിലും താഴ്ന്നാൽ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയുടെ വളര്‍ച്ച കുത്തനെ ഇടിഞ്ഞന്നും ഇത് ആഗോളാ വളര്‍ച്ചാ നിരക്കിനെ ബാധിക്കുമെന്നും െഎഎംഎഫ് മുഖ്യ സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ് വ്യക്തമാക്കിയിരുന്നു. ഇന്ത്യയുടെ സാമ്പത്തിക രംഗം പരിതാപകരമായ സ്ഥിതിയിലാണെന്നും രാജ്യത്തിന്റെ വളർച്ചയിൽ മൂന്ന് മാസത്തിനുള്ളിൽ 1.3 ശതമാനത്തിന്റെ കുറവുണ്ടായി. നടപ്പ് സാമ്പത്തിക വർഷത്തിൽ വളർച്ച നിരക്ക് 4.8 ശതമാനമായി കുറയും. 6.1 ശതമാനമായിരുന്നു പ്രതീക്ഷിച്ച വളർച്ച നിരക്ക്. ഇന്ത്യയിലെ മാന്ദ്യം ലോകമെമ്പാടുമുള്ള വളർച്ചയെ സ്വാധീനിക്കുമെന്നും ആഗോള വളർച്ച 0.1% കുറഞ്ഞതായും അന്താരാഷ്ട്ര നാണയ നിധി(ഐ.എം.എഫ്)യുടെ റിപ്പോർട്ടിൽ പറയുന്നു.

ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളിലെ പ്രതിസന്ധിയും ഗ്രാമീണ സമ്പദ് വ്യവസ്ഥയിലെ മാന്ദ്യവുമാണ് വളര്‍ച്ച നിരക്ക് കുറയാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്. സാമ്പത്തിക മാന്ദ്യം തിരിച്ചറിഞ്ഞിട്ടും ഗ്രാമീണ മേഖലയെ രക്ഷിക്കാനുള്ള ഉത്തേജന പാക്കേജുകൾ ഒന്നും സർക്കാർ പ്രഖ്യാപിച്ചില്ല. ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക സർവ്വേ റിപ്പോർട്ടും ഇതില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാജ്യത്ത് തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും രൂക്ഷമാണെന്നുള്ള കണക്കുകളും നേരത്തെ പുറത്തു വന്നിരുന്നു. പൊതു ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ ശേഷിക്കെ ഐ.എം.എഫിന്റെ പുതിയ റിപ്പോർട്ട്‌ കേന്ദ്ര സർക്കാരിന് തലവേദനയാകും.