ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയില്‍ മരണത്തിന് കീഴടങ്ങിയത് 196 ഡോക്ടര്‍മാരെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ). ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഐ.എം.എ അഭ്യര്‍ത്ഥിച്ചു.
മരിച്ചവരില്‍ മിക്കവരും ജനറല്‍ മെഡിസിന്‍ ഡോക്ടര്‍മാരാണ്. രോഗികളുമായുള്ള സമ്പര്‍ക്കമാണ് ഇവരുടെ മരണകാരണമെന്ന് കത്തില്‍ ഡോക്ടര്‍മാരുടെ സംഘടന വ്യക്തമാക്കി. ‘ഐ.എം.എ ശേഖരിച്ച വിവരങ്ങള്‍ പ്രകാരം നമ്മുടെ രാഷ്ട്രത്തിന് 196 ഡോക്ടര്‍മാരെ നഷ്ടമായിട്ടുണ്ട്. ഇതില്‍ 170 പേരും അമ്പത് വയസ്സിന് മുകളിലുള്ളവരാണ്. 40 ശതമാനം പേര്‍ ജനറല്‍ ഡോക്ടര്‍മാരും’ – ഐ.എം.എ പറഞ്ഞു.
കോവിഡ് ബാധിച്ച ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബത്തിനും ആശുപത്രിയില്‍ പ്രവേശനം കിട്ടാത്ത സാഹചര്യമുണ്ടായിട്ടുണ്ട്. 3.5 ലക്ഷം ഡോക്ടര്‍മാരെയാണ് ഐഎംഎ പ്രതിനിധീകരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖല എന്ന വ്യത്യാസമില്ലാതെ എല്ലാ ഡോക്ടര്‍മാരുടെയും സുരക്ഷ ഉറപ്പുവരുത്തണം. 196 ഡോക്ടര്‍മാര്‍ മരണത്തിന് കീഴടങ്ങിയത് നമ്മള്‍ കൂടുതല്‍ ജാഗ്രത കാണിക്കണമെന്ന് ആവശ്യപ്പെടുന്നു- ഐ.എം.എ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ മരിച്ചത് തമിഴ്‌നാട്ടിലാണ്. മഹാരാഷ്ട്രയും ഗുജറാത്തും തൊട്ടുപിന്നില്‍.