കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയുണ്ടാക്കും; ഐ.എം.എ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഏകോപനചുമതല പൊലീസിനെ ഏല്‍പ്പിച്ചത് തിരിച്ചടിയാകുമെന്ന് ഐ.എം.എ കേരളഘടകം പറഞ്ഞു. കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയടക്കം കണ്ടെത്താനുള്ള ചുമതല പൊലീസിന് നല്‍കുന്നത് വന്‍ തിരിച്ചടിയാകും. കോണ്‍ടാക്ട് ട്രേസിംഗ്, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, കണ്ടൈയ്ന്‍മെന്റ് സോണുകളുടെ ഏകീകരണം എന്നിവയാണ് പൊലീസിനെ ഏല്‍പ്പിച്ചത്. മുമ്പ് ആരോഗ്യപ്രവര്‍ത്തകരാണ് ഈ ജോലി ചെയ്തിരുന്നത്.

എന്നാല്‍ അവരെ മാറ്റി നിര്‍ത്തി പൊലീസിനെ മുഴുവന്‍ ചുമതല ഏല്‍പ്പിക്കുന്നത് തിരിച്ചടിയാകുമെന്നാണ് ഐ.എം.എയുടെ വാദം.സമ്പര്‍ക്കപ്പട്ടികയിലുള്ളവരുടെ മേല്‍നോട്ടം വഹിക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണ്. അവരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണിത്. രോഗിയെന്ന നിലയില്‍ കണ്ട് കോണ്‍ടാക്ട് ട്രേസിംഗ് നടത്താന്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയമിക്കുന്നതാണ് ഉത്തമം.

രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ, ആയുര്‍വേദ മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും ചെയ്യുന്നത്. ജനങ്ങളില്‍ മിഥ്യാധാരണയുണ്ടാക്കാനേ ഇത് സഹായിക്കു. തീര്‍ത്തും അശാസ്ത്രീയമാണിതെന്നും ഐ.എം.എ പറഞ്ഞു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കിയിരിക്കുകയാണ് ഐ.എം.എ കേരളഘടകം.

കഴിഞ്ഞദിവസമാണ് സംസ്ഥാനത്ത് കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണത്തിനുള്ള പൂര്‍ണ്ണ ചുമതല പൊലീസിന് നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സമ്പര്‍ക്ക വ്യാപനം മൂലമുള്ള രോഗബാധ കൂടിവരുകയാണ്. കണ്ടെയിന്‍മെന്റ് സോണ്‍ കണ്ടെത്തി മാര്‍ക്ക് ചെയ്യാന്‍ പൊലീസിനെ ചുമതലപ്പെടുത്തുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.

SHARE