മുപ്പത്തി ഒന്നായിരം കാണികള്‍ സാക്ഷി; ഐലീഗില്‍ ഗോകുലം എഫ്.സിക്ക് വിജയത്തുടക്കം


കോഴിക്കോട്: മുപ്പത്തിഒന്നായിരത്തോളം കാണികളെ സാക്ഷിയാക്കി ഐലീഗില്‍ ഗോകുലം എഫ്.സിക്ക് വിജയത്തുടക്കം. കോഴിക്കോട്ടെ ഫുട്‌ബോള്‍ ആരാധകരെ ത്രസിപ്പിച്ച മത്സരത്തില്‍ നെറോക്ക എഫ്.സിയെ 21നാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഹെന്‍ട്രി കിസേക്കയും മാര്‍ക്കസ് ജോസഫും ഗോകുലത്തിനായി ലക്ഷ്യം കണ്ടപ്പോള്‍ താരിക് സാംസണ്‍ നെറോക്കയുടെ ഗോള്‍ കണ്ടെത്തി.

കളി തുടങ്ങിയതു മുതല്‍ കിസേക്കയും മാര്‍ക്കസ് ജോസഫും നെറോക്ക പ്രതിരോധത്തെ നിരന്തരം പരീക്ഷിച്ചു. 18 മിനിറ്റിനുള്ളില്‍ ഗോകുലത്തിന് രണ്ട് മികച്ച അവസരങ്ങള്‍ ലഭിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. 15ാം മിനിറ്റില്‍ കിസേക്കയുടെ ഹെഡ്ഡര്‍ ബാറിന് മുകളിലൂടെ പുറത്തുപോയി. മൂന്നു മിനിറ്റിനുള്ളില്‍ മാര്‍ക്കസ് ജോസഫ് അടിച്ച ഷോട്ടും ലക്ഷ്യം തെറ്റി.

ഒടുവില്‍ 43ാം മിനിറ്റില്‍ ഈ ആക്രമണങ്ങള്‍ക്ക് ഫലമുണ്ടായി. ഹെന്‍ട്രി കിസേക്കയിലൂടെ ഗോകുലം ലീഡെടുത്തു. ഗോകുലം ഹാഫില്‍ നിന്ന് വന്ന ലോങ് ബോള്‍ സ്വീകരിച്ച കിസേക്ക ഡിഫന്‍ഡറെ വെട്ടിച്ച് ബോക്‌സിന്റെ ഇടതുഭാഗത്തുകൂടെ സ്‌കോര്‍ ചെയ്തു. 10.

രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റിനുള്ളില്‍ ആതിഥേയര്‍ ലീഡ് ഇരട്ടിയാക്കി. ഇത്തവണ മാര്‍ക്കസ് ജോസഫായിരുന്നു ഗോള്‍ സ്‌കോറര്‍. വലതു വിങ്ങില്‍ നിന്ന് സെബാസ്റ്റ്യന്‍ ക്രോസ് ചെയ്ത പന്തില്‍ ജോസഫിന്റെ ഹെഡ്ഡര്‍ വലയിലേക്ക്. 20.

രണ്ടാം പകുതിയില്‍ കളി മുഴുവന്‍ ഗോകുലത്തിന്റെ കാലിലായിരുന്നു. 80 മിനിറ്റ് പിന്നിട്ടപ്പോള്‍ നെറോക്ക ഗോള്‍ തിരിച്ചടിക്കാന്‍ ശ്രമം തുടങ്ങി. ഒടുവില്‍ 88ാം മിനിറ്റില്‍ ഗോള്‍ വന്നു. ഗോകുലത്തിന്റെ പ്രതിരോധത്തില്‍ വന്ന പിഴവില്‍ താരിക് സാംസണിന്റെ ബൈസിക്കിള്‍ കിക്ക് വലയിലേക്ക് 21. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഫൈനല്‍ വിസിലില്‍ സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഗോകുലത്തിന് വിജയത്തുടക്കം. ഗാലറിയിലെത്തിയ 31,181 കാണികള്‍ക്ക് മികച്ചൊരു കളി കണ്ടതിന്റെ ആഹ്ലാദം.

SHARE