ഫാത്തിമയുടെ മൃതദേഹം കണ്ടത് മുട്ടുകുത്തിയ നിലയില്‍; മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ്

ന്യൂഡല്‍ഹി: മദ്രാസ് ഐ.ഐ.ടി വിദ്യാര്‍ത്ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് പിതാവ് അബ്ദുല്‍ ലത്തീഫ്. തൂങ്ങിമരിച്ചതിന്റെ ലക്ഷണങ്ങളൊന്നും മുറിയില്‍ ഉണ്ടായിരുന്നില്ല. ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് അന്വേഷിക്കണമെന്നും പിതാവ് ആവശ്യപ്പെട്ടു.
ഫാത്തിമയുടെ മൃതദേഹം മുറിയില്‍ മുട്ടു കുത്തിയ നിലയിലായിരുന്നു. കതക് കുറ്റിയിട്ടിരുന്നില്ല. സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. ഫാത്തിമ ഒന്നും അടുക്കും ചിട്ടയോടെയുമല്ലാതെ വെക്കാറുണ്ടായിരുന്നില്ല. ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ചെന്നാണ് കോളജ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ ഫാനില്‍ കയറോ മറ്റോ ഉണ്ടായിരുന്നില്ല. ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിതാവ്. ഫാത്തിമയുടെ മരണത്തിനു പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെടുന്ന നിവേദനവും കൈമാറിയിരുന്നു. സി.ബി.ഐ അന്വേഷണം പരിഗണിക്കാമെന്ന് അമിത് ഷാ പറഞ്ഞിട്ടുണ്ട്.
സംഭവ ദിവസം ഹോസ്റ്റലില്‍ പിറന്നാളാഘോഷം നടന്നിരുന്നു. പുലര്‍ച്ചെ നാലിനും അഞ്ചിനും ഇടയില്‍ മരണം നടന്നുവെന്നാണ് ഡോക്ടര്‍ പറഞ്ഞത്. പുലര്‍ച്ചെവരെ പിറന്നാളാഘോഷം നീണ്ടിരുന്നു. മരണ ശേഷം കൂടെയുണ്ടായിരുന്ന കുട്ടിയുടെ സാധനങ്ങളൊന്നും മുറിയിലുണ്ടായിരുന്നില്ലെന്നും സി.സി.ടി.വി ദൃശ്യങ്ങളില്‍ കൃത്രിമം നടന്നിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്തെല്ലാം നടന്നുവെന്ന് അവള്‍ പേരുസഹിതം കൃത്യമായി എഴുതിവച്ചിട്ടുണ്ട്. അതില്‍ അധ്യാപകന്‍ സുദര്‍ശന്‍ പത്മനാഭന്റേയും മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടേയും പേരുകള്‍ ഉണ്ട്. ഫാത്തിമയുടെ ആത്മഹത്യാക്കുറിപ്പില്‍ 10 പേരുടെ പേരുകള്‍ പറയുന്നുണ്ട്. ഇതില്‍ ഏഴുപേര്‍ വിദ്യാര്‍ത്ഥികളും മൂന്നുപേര്‍ അധ്യാപകരുമാണ്. അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസിന്റെ ഭാഗത്തുനിന്നും മോശം പെരുമാറ്റമുണ്ടായെന്നും അദ്ദേഹം ആരോപിച്ചു.

SHARE