ഐഎഫ്എഫ്‌കെയില്‍ സിനിമ തെരഞ്ഞെടുത്തതിനെ ചൊല്ലി അടൂരും കമലും തമ്മില്‍ വാക്കുതര്‍ക്കം

തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേളയില്‍ മലയാള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും ചലചിത്ര അക്കാദമി ചെയര്‍മന്‍ കമലും തമ്മില്‍ വാഗ്വാദം. കേരളത്തിലെ തിയേറ്ററുകളില്‍ വിജയിച്ച ചിത്രങ്ങള്‍ കുത്തിനിറച്ച് ഫെസ്റ്റിവല്‍ നടത്തേണ്ടതില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍ അടൂര്‍ ചെയര്‍മാനായിരുന്നപ്പോഴും തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നായിരുന്നു കമലിന്റെ മറുപടി.

‘തിയേറ്ററുകളില്‍ സാമ്പത്തിക വിജയം നേടിയ മലയാള ചിത്രങ്ങളാണ് ഇത്തവണ കൂടുതലായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ക്ക് വീണ്ടും അക്കാദമി രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കേണ്ടതില്ല. ചെറിയ സിനിമകളെ പ്രോത്സാഹിപ്പിക്കണം. കേരള പ്രീമിയര്‍ നടപ്പാക്കിയാല്‍ മികച്ച മലയാള ചിത്രങ്ങളെ കണ്ടെത്താനാകുമെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. അവാര്‍ഡുകളുടെ എണ്ണം കുറയ്ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍ അടൂര്‍ ചെയര്‍മാനായിരുന്നപ്പോഴും തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രങ്ങള്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ ലഭിക്കുന്നില്ലെന്നും ഇത്തവണത്തേത് മികച്ച സെലക്ഷന്‍ കമ്മിറ്റിയാണെന്നും കമല്‍ പറഞ്ഞു. അവര്‍ തെരഞ്ഞെടുക്കുന്ന സിനിമകളില്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതോടെ കൂടുതല്‍ വിമര്‍ശനവുമായി അടൂരും രംഗത്തെത്തി. താന്‍ അവസാനം കണ്ട സിനിമ വളരെ മോശമാണെന്നും, ആരാണ് അത്തരം സിനിമകള്‍ തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സെലക്ഷന്‍ കമ്മിറ്റിയില്‍ ആളെ കിട്ടാനില്ലെങ്കിന്‍ താന്‍ നല്‍കാമെന്നും അടൂര്‍ തിരിച്ചടിച്ചു. ഇതോടെ തര്‍ക്കും കടുത്തു. അടൂരിന്റെ കൊടിയേറ്റം 100 ദിവസം തീയറ്ററില്‍ ഓടിയ സിനിമയാണ്. അത്തരം സിനിമകള്‍ മേളയില്‍ വേണ്ടെന്നാണോ പറയുന്നതെന്ന ചോദ്യവുമായി കമല്‍ രംഗത്തെത്തി.

ഗോവയില്‍ പുരസ്‌കാരം ലഭിച്ച ലിജോ ജോസ് പെല്ലിശ്ശേരിയ്ക്കും ഇവിടെ പുരസ്‌കാരം നല്‍കരുതെന്ന് ആരെങ്കിലും പറയുമോ. കഴിഞ്ഞ വര്‍ഷം മേള പരിഷ്‌കരിക്കാന്‍ സംവിധായകന്‍ ബിജു അടങ്ങുന്ന സബ് കമ്മിറ്റി നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങളാണ് ഇത്തവണ നടപ്പാക്കിയതെന്നും കമല്‍ പറഞ്ഞു.