നിങ്ങള്‍ക്ക് പണം വേണമെങ്കില്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി ആസ്പത്രി നിര്‍മിക്കൂവെന്ന് കപില്‍ ദേവ്

മുബൈ: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാനുള്ള പണം സ്വരൂപിക്കാന്‍ ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നിര്‍ദ്ദേശിച്ച ഷോയ്ബ് അക്തറിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ കൂടിയായ കപില്‍ ദേവ് രംഗത്ത്. പണം സ്വരൂപിക്കാന്‍ മറ്റ് നിരവധി മാര്‍ഗങ്ങളുണ്ടെന്ന് പറഞ്ഞ കപില്‍ ദേവ്, ക്രിക്കറ്റ് പുനരാരംഭിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും പകരം സ്‌കൂളുകളും കോളേജുകളും പുനരാരംഭിക്കുന്നത് പോലുള്ള കൂടുതല്‍ പ്രധാനപ്പെട്ട കാര്യങ്ങളില്‍ അധികൃതര്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ആവശ്യരപ്പെട്ടു.

”ഞാന്‍ കാഴ്ചപാടോടെയാണ് നോക്കുന്നത്. നമുക്ക് സംസാരിക്കാന്‍ കഴിയുന്ന ഒരേയൊരു വിഷയം ക്രിക്കറ്റാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സ്‌കൂളുകളിലേക്കും കോളേജുകളിലേക്കും പോകാന്‍ കഴിയാത്ത കുട്ടികളെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്, കാരണം അത് നമ്മുടെ യുവതലമുറയാണ്. അതിനാല്‍, സ്‌കൂളുകള്‍ ആദ്യം തുറക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍ ഒടുവില്‍ സംഭവിക്കും, ”കപില്‍ പറഞ്ഞു.

”ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ കളിക്കണമെന്നതില്‍ നിങ്ങള്‍ വികാരാധീനനായിരിക്കാം. എന്നാല്‍ മത്സരങ്ങള്‍ കളിക്കുന്നതിലിപ്പാള്‍ ഒരു മുന്‍ഗണനയല്ല. നിങ്ങള്‍ക്ക് പണം ആവശ്യമുണ്ടെങ്കില്‍ അതിര്‍ത്തിയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണം. അവിടെ ചെലവഴിക്കുന്ന പണം ആസ്പത്രികളും സ്‌കൂളുകളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാം. നമുക്ക് ധാരാളം മതസംഘടനകളുണ്ട് അവര്‍ സര്‍ക്കാറിനെ സഹായിക്കാന്‍ മുന്നോട്ട് വരണം. അത് അവരുടെ ഉത്തരവാദിത്തമാണ്. മതപരമായ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഞങ്ങള്‍ വളരെയധികം വാഗ്ദാനം ചെയ്യുന്നു, അതിനാല്‍ അവ സര്‍ക്കാരിനെ സഹായിക്കണം.’ കപില്‍ ദേവ്

അതേസമയം, ഇന്ത്യ പാകിസ്ഥാന്‍ മത്സരം നിര്‍ദ്ദേശിച്ച ഷോയിബ് അക്തര്‍, ഇത് പണം സ്വരൂപിക്കാന്‍ സഹായിക്കുകയും നിരവധി ആളുകള്‍ക്ക് അവരുടെ ജീവിതം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.

എന്നാല്‍ ഞാന്‍ പറയാന്‍ ശ്രമിക്കുന്നത് കപില്‍ ഭായ്ക്ക് മനസ്സിലായെന്ന് ഞാന്‍ കരുതുന്നില്ലെന്ന് അക്തര്‍ പ്രതികരിച്ചു. എല്ലാവരും സാമ്പത്തികമായി കുടുങ്ങാന്‍ പോകുന്നു. നമ്മുടെ തലകളെ ഒന്നിച്ച് ചേര്‍ത്ത് വരുമാനം ഉണ്ടാക്കുന്നതിനുള്ള സമയമാണിത്. ഞാന്‍ സംസാരിക്കുന്നത് വലിയ കാഴ്ചപ്പാടോടെ തന്നെയും സാമ്പത്തിക പരിഷ്‌കാരങ്ങളെക്കുറിച്ചുമാണ്. ഒരൊറ്റ മത്സരത്തിലൂടെ ആഗോള പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കും, അത് വരുമാനം ഉണ്ടാക്കും. തനിക്ക് പണം ആവശ്യമില്ലെന്നും കപില്‍ ഭായി പറയുന്നു, എന്നാല്‍ പണത്തിനുവേണ്ടി മറ്റെല്ലാം ചെയ്യുന്നുമുണ്ട്. എന്റെ ഈ നിര്‍ദ്ദേശവും ഉടന്‍ പരിഗണിക്കുമെന്നാണ് ഞാന്‍ കരുതുന്നു, ”അക്തര്‍ പ്രതികരിച്ചു.