പാറ്റ്‌ന: പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ പട്ടികയ്ക്കും എതിരെ ആസാദി മുദ്രാവാക്യവുമായി ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും കനയ്യ കുമാര്‍. പാറ്റ്‌നയില്‍ റാലിയില്‍ പ്രസംഗിക്കവെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയ കനയ്യ ബിഹാറില്‍ ബന്ദിന് ആഹ്വാനം ചെയ്തു.
‘നിങ്ങള്‍ ഞങ്ങളെ പൗരന്മാരായി പരിഗണിക്കുന്നില്ലെങ്കില്‍, ഞങ്ങള്‍ നിങ്ങളെ സര്‍ക്കാരായും പരിഗണിക്കുന്നില്ലെന്ന് തുറന്നടിച്ചായിരുന്നു കനയ്യയുടെ പ്രസംഗം. വിദ്യാര്‍ത്ഥികളോട് ശാന്തത പാലിക്കണമെന്ന് ആവശ്യപ്പെടുകയും സമാധാനപരമായും ഉറപ്പോടും കൂടി പ്രതിഷേധിക്കണമെന്നു പറഞ്ഞ കനയ്യ, വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സ്വതസിദ്ധ ശൈലിയില്‍ ആസാദി(സ്വാതന്ത്ര്യം) മുദ്രാവാക്യം മുഴക്കി.
‘നിങ്ങള്‍ ഞങ്ങളെ പൗരന്മാരായി പരിഗണിക്കുന്നില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളെ സര്‍ക്കാരായി പരിഗണിക്കുന്നില്ല. നിങ്ങള്‍ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉണ്ടായിരിക്കാം, ഞങ്ങള്‍ക്ക് തെരുവില്‍ ഭൂരിപക്ഷമുണ്ട്. ഈ പോരാട്ടം ഹിന്ദുക്കളുടേയോ മുസ്ലിങ്ങളുടേതോ അല്ല. നമുക്ക് സവര്‍ക്കറുടെ ഒരു രാജ്യം വേണ്ട, ഭഗത് സിങ്ങിന്റെയും ബാബാസാഹേബ് അംബേദ്കറുടെയും രാജ്യമാണ് വേണ്ടത്. അഷ്ഫാക്കും ബിസ്മിലും യുദ്ധം ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുന്നു, പക്ഷേ ഞങ്ങള്‍ അത് അനുവദിക്കില്ല,’ കനയ്യ പറഞ്ഞു.
ഡല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയ, അലിഗഡ് മുസ്ലിം യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ പ്രതിഷേധക്കാര്‍ക്കെതിരായ പോലീസ് നടപടിയെക്കുറിച്ച് പരാമര്‍ശിച്ച അദ്ദേഹം, വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുമ്പോള്‍, രാജ്യമെമ്പാടുമുള്ള വിദ്യാര്‍ത്ഥികള്‍ ഐക്യത്തോടെ തുടരേണ്ടതുണ്ടെന്നും എന്നാല്‍ സമാധാനപരമായി പ്രതിഷേധിക്കുകയും, എന്‍ആര്‍സി നമുക്ക് ആവശ്യമില്ലെന്ന് സര്‍ക്കാരിനോട് പറയുകയും ചെയ്യണമെന്ന് കനയ്യ ആഹ്വാനം ചെയ്തു.