ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരായ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയില്‍ നിന്നും നോട്ടീസ് ലഭിക്കുകയും മറ്റും ചെയ്തതിന് പിന്നാലെ ജഡ്ജിമാരുടെ അഴിമതിയില്‍ വീണ്ടും കടത്തുവിമര്‍ശനവുമായി സുപ്രീംകോടതി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. നിങ്ങള്‍ക്ക് അഴിമതിക്കാരനായ ഒരു ന്യായാധിപനെ അങ്ങനെ വിളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരു ന്യായാധിപന്റെ ഇംപീച്ച്മെന്റ് എങ്ങനെ ഉണ്ടാകുമെന്ന് പ്രശാന്ത് ഭൂഷന്‍ ചോദിച്ചു.
2009 ല്‍ തെഹല്‍ക്ക മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ’16 സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരില്‍ എട്ട് പേരും അഴിമതിക്കാരാണ്’ എന്നതായിരുന്നു പ്രശാന്ത് ഭൂഷന്റെ വിവാദ പരാമര്‍ശം. എന്നാല്‍ പരാമര്‍ശത്തില്‍ പ്രശാന്ത് ഭൂഷന്‍ നല്‍കിയ വിശദീകരണവും ഖേദപ്രകടനവും സുപ്രീംകോടതി തള്ളുകയാണുണ്ടായത്. ഇതിനു പിന്നാലെയാണ് ജഡ്ജിമാര്‍ക്കെതിരെയുള്ള മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്റെ തുടര്‍ പ്രതികരണം.
നിങ്ങള്‍ക്ക് അഴിമതിക്കാരനായ ഒരു ന്യായാധിപനെ അങ്ങനെ വിളിക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഒരു ന്യായാധിപന്റെ ഇംപീച്ച്മെന്റ് എങ്ങനെ ഉണ്ടാകും,
അങ്ങനെയെങ്കില്‍ അഴിമതിക്കാരായ ജഡ്ജിമാരെ നീക്കം ചെയ്യുന്നതിന് ഭരണഘടന അനുശാസിക്കുന്ന രീതി ഏതാണ്?. ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ഒപ്പുവച്ച എംപിമാര്‍ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കുമോ, തനിക്കെതിരായ നടപടിയില്‍ പ്രശാന്ത് ഭൂഷന്‍ ട്വീറ്റ് ചെയ്തു.
അഴിമതിക്കാരനായ ഒരു ജഡ്ജിയെ അഴിമതിക്കാരനെന്ന് വിളിക്കുന്നത് കോടതിയുടെ അപമാനത്തിന് തുല്യമാണോയെന്ന് പരിശോധിക്കാനാണ് സുപ്രീംകോടതി ആഗ്രഹിക്കുന്നത്, അത് തെളിയിക്കാന്‍ നിങ്ങള്‍ക്ക് തെളിവുകളുണ്ടെങ്കിലും? അപവാദ ആരോപണത്തിന് സത്യം പ്രതിവാദമായി മാറിയ സമയമാണ് ഇതെന്നും, ഭൂഷന്‍ തന്റെ ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തില്‍ ജസ്റ്റിസുമാരായ ബി. ആര്‍ ഗവായി, കൃഷ്ണ മുറാരി എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ച കേസിലായിരുന്നു ഭൂഷന്റെ പ്രതികരണം. അഴിമതിക്കെതിരായ തന്റെ ആരോപണം സാമ്പത്തിക അഴിമതിയെക്കുറിച്ചായിരുന്നില്ലെന്നും തന്റെ പ്രസ്താവന ജഡ്ജിമാരെയോ അവരുടെ കുടുംബങ്ങളെയോ വേദനിപ്പിക്കുന്നുണ്ടെങ്കില്‍ ഖേദിക്കുന്നുവെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞിരുന്നു. കേസില്‍ നേരത്തെ തന്നെ തെഹല്‍ക്ക എഡിറ്റര്‍ തരുണ്‍ തേജ്പാല്‍ മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ 11 വര്‍ഷം മുന്‍പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ വാദം കേള്‍ക്കുന്നത് കോടതി തുടരുകയാണ്.
അഭിപ്രായ സ്വാതന്ത്ര്യവും അവഹേളനവും തമ്മില്‍ വിഭജിക്കപ്പെടുന്ന ഒരു നേര്‍ത്ത വരയുണ്ടെന്നും ഒരു വശത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുമ്പോള്‍ ഒരു സ്ഥാപനമെന്ന നിലയില്‍ ജുഡീഷ്യറിയുടെ അന്തസ്സ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. കോടതിയലക്ഷ്യ കേസില്‍ കഴിഞ്ഞ മാസവും പ്രശാന്ത് ഭൂഷണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. ട്വീറ്റുകളിലൂടെ സുപ്രീം കോടതിയേയും ചീഫ് ജസ്റ്റിസിനേയും വിമര്‍ശിച്ചതിനായിരുന്നു നടപടി. ട്വീറ്റുകള്‍ നീതി നിര്‍വഹണ സംവിധാനത്തിന് അപമാനമുണ്ടാക്കുന്നതും ജനമധ്യത്തില്‍ സുപ്രീം കോടതിയുടേയും ചീഫ് ജസ്റ്റിസിന്റെ ഓഫീസിന്റേയും അന്തസും അധികാരവും ഇടിച്ചുതാഴ്ത്തുന്നതാണെന്നുമാണെന്ന് വിലയിരുത്തിയായിരുന്നു കോടതിയുടെ നടപടി.
ലോക്ക് ഡൗണിന് ശേഷം കോടതിയിൽ നേരിട്ടുള്ള ഹിയറിംഗുകൾ പുനരാരംഭിക്കുമ്പോൾ കേസ് പരിഗണിക്കണമെന്ന് മുതിർന്ന അഭിഭാഷകനും മുൻ നിയമമന്ത്രിയും പ്രശാന്ത് ഭൂഷൻ്റെ പിതാവുമായ ശാന്തി ഭൂഷൺ ആവശ്യപെട്ടുവെങ്കിലും കോടതി സമ്മതിച്ചില്ല.
ചീഫ് ജസ്റ്റിസ് ബോബ്‌ഡെക്കെതിരായ പരാമർശത്തിൽ പ്രശാന്ത് ഭൂഷൻ മറ്റൊരു കോടതിയലക്ഷ്യ ഹർജിയും നേരിടുന്നുണ്ട്. ലോക്ക് ഡൗണിനിടെ മാസ്‌കും ഹെൽമെറ്റുമില്ലാതെ ചീഫ് ജസ്റ്റിസ് ബോബ്ഡെ ബിജെപി നേതാവിൻ്റെ ആഡംബര ബൈക്കിലിരിക്കുന്ന ചിത്രം ട്വിറ്ററിൽ പങ്കുവെച്ചു കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷൻ്റെ വിമർശനം.