ഈ വര്‍ഷത്തെ ഏഷ്യാകപ്പിന് ആതിഥ്യം വഹിക്കുന്നതില്‍നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറിയിട്ടില്ലെന്ന് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ചീഫ് എക്‌സിക്യുട്ടിവ് വാസിം ഖാന്‍. വേദി പാക്കിസ്ഥാനായതിന്റെ പേരില്‍ ഇന്ത്യ ടൂര്‍ണമെന്റില്‍നിന്ന് പിന്‍മാറിയാല്‍, ഇന്ത്യയില്‍ 2021 ല്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍നിന്ന് പാക്കിസ്ഥാനും പിന്‍മാറുമെന്ന് വാസിം ഖാന്‍ ഭീഷണിയും മുഴക്കി. ഏഷ്യാകപ്പ് പാക്കിസ്ഥാനില്‍ നടത്താനുള്ള തീരുമാനം ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റേതാണെന്ന് വാസിം ഖാന്‍ ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനോ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിനോ (ഐസിസി) ഒന്നും ചെയ്യാനില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കായി നിലവില്‍ രണ്ടു വേദികളാണ് ഞങ്ങള്‍ പരിഗണിക്കുന്നത്. ഏഷ്യാകപ്പ് മത്സരങ്ങള്‍ക്കായി ഇന്ത്യ ഇവിടേക്കു വരാന്‍ വിസമ്മതിച്ചാല്‍ ഇന്ത്യയില്‍ നടക്കുന്ന 2021ലെ ട്വന്റി20 ലോകകപ്പില്‍നിന്ന് ഞങ്ങളും പിന്‍മാറേണ്ടി വരും’ വാസിം ഖാന്‍ പറഞ്ഞു.
അതേസമയം, ഇത്തവണ ഏഷ്യാകപ്പ് പാക്കിസ്ഥാനിലാണ് നടക്കുന്നതെങ്കില്‍ ഇന്ത്യ കളിക്കുമോയെന്ന കാര്യം വ്യക്തമല്ല. രാഷ്ട്രീയ കാരണങ്ങളാല്‍ വര്‍ഷങ്ങളായി ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി പരമ്പരകള്‍ കളിക്കാറില്ല.2009ല്‍ പാക്കിസ്ഥാനില്‍ പര്യടനത്തിനെത്തിയ ശ്രീലങ്കന്‍ ടീമിനുനേരെ ഭീകരാക്രമണമുണ്ടായതിനുശേഷം ഒരു പതിറ്റാണ്ടോളം അവിടെ രാജ്യാന്തര മത്സരങ്ങള്‍ നടന്നിരുന്നില്ല. ഇക്കാലമത്രയും യുഎഇയിലെ നിഷ്പക്ഷ വേദികളിലാണ് പാക്കിസ്ഥാന്‍ അവരുടെ ഹോം മത്സരങ്ങള്‍ കളിച്ചിരുന്നത്.