കോണ്‍ഗ്രസ് ഭരണത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലിയ്ക്കുള്ള അപേക്ഷാ ഫീസ് നിര്‍ത്തും : രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് അപേക്ഷിക്കാനുള്ള പരീക്ഷാ ഫീസ് നിര്‍ത്തലാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സീതാപൂരിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ ഗാന്ധി ഇക്കാര്യം പ്രഖ്യാപിച്ചത്. നിലവില്‍ സര്‍ക്കാര്‍ ജോലികള്‍ക്ക് മുന്നോടിയായുള്ള പ്രവേശന പരീക്ഷയ്ക്കുള്ള ഫീസ് ഒഴിവാക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനം.
രാജ്യത്തെ ജനങ്ങള്‍ക്ക് മിനിമം വേതനം ഉറപ്പു നല്‍കുന്ന ന്യായ് പദ്ധതിയുടെ ഗുണങ്ങളെക്കുറിച്ചും രാഹുല്‍ ഗാന്ധി സംസാരിച്ചു. രാജ്യത്തെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളില്‍ പണം എത്തുന്നതോടെ വസ്ത്രങ്ങളും മൊബൈലുകളും മറ്റു വസ്തുക്കളും വാങ്ങാന്‍ 25കോടിയോളം ജനങ്ങള്‍ക്ക് കഴിയുമെന്ന് രാഹുല്‍ പറഞ്ഞു. ഉത്തര്‍ പ്രദേശിലെ സീതാപൂരില്‍ മെയ് ആറിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.