ഡല്‍ഹിയില്‍ അധികാരം കിട്ടിയാല്‍ 54 പള്ളികള്‍ പൊളിച്ചു നീക്കുമെന്ന് ബി.ജെ.പി നേതാവ്

ഡല്‍ഹിയില്‍ അധികാരം ലഭിച്ചാല്‍ വിവിധ മത വിഭാഗങ്ങള്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി നിര്‍മ്മിച്ച 54 പള്ളികളും മദ്രസകളും പൊളിച്ച് നീക്കുമെന്ന് ബി.ജെ.പി എം.പി. എന്നാല്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി ക്ഷേത്രമോ ഗുരുദ്വാരയോ നിര്‍മ്മിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ഡല്‍ഹിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലപ്രഖ്യാപനം 11നാണ്.

ഡല്‍ഹിയില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ വിവിധ മതവിഭാഗങ്ങള്‍ കൈയ്യേറിയ സര്‍ക്കര്‍ ഭൂമികള്‍ തിരിച്ച് പിടിക്കുമെന്നാണ് പര്‍വേഷ് സാഹിബ് സിങ് പറയുന്നത്. എന്നാല്‍ ബിജെപി നേതാവ് ഉന്നയിച്ച ആരോപണം വ്യാജമാണെന്നാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍പ് തന്നെ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മ്മിച്ച പള്ളികള്‍ക്കെതിരെ നടപടിവേണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ലഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നെന്നും 68 പള്ളികളില്‍ പരിശോധന നടത്തിയെങ്കിലും സര്‍ക്കാര്‍ ഭൂമിയിലുള്ള ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കമ്മീഷന്‍ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പിടിച്ചു നില്‍ക്കാന്‍ ബി.ജെ.പി നടത്തുന്ന പ്രസ്താവനകള്‍ മാത്രമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി.

SHARE