ലോക്ക്ഡൗണില്‍ മദ്യം കിട്ടിയില്ല; സാനിറ്റൈസര്‍ കുടിച്ച് ഒമ്പത് പേര്‍ മരിച്ചു

ഹൈദരാബാദ് : കോവിഡ് ലോക്ഡൗണില്‍ മദ്യം കിട്ടാത്തതിനെ തുടര്‍ന്നു ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയില്‍ മദ്യമടങ്ങിയ ഹാന്‍ഡ് സാനിറ്റൈസര്‍ കുടിച്ച് രണ്ടു ദിവസങ്ങളിലായി 9 പേര്‍ മരിച്ചെന്നു പൊലീസ്. കുറിചെഡു പട്ടണത്തിലാണ് ഏവരെയും നടുക്കിയ ദുരന്തമുണ്ടായത്. ബുധനാഴ്ച രാത്രിയില്‍ ഒരാളും വ്യാഴാഴ്ച രണ്ടുപേരും വെള്ളിയാഴ്ച ആറു പേരുമാണു മരിച്ചത്. ഭിക്ഷാടനക്കാരും ചേരി നിവാസികളാണുമാണു മരിച്ചതില്‍ കൂടുതലെന്നു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് ദിവസത്തിനുള്ളില്‍ 20 പേര്‍ സാനിറ്റൈസര്‍ കഴിച്ചെന്നാണു കരുതുന്നത്. കോവിഡ് വ്യാപനം തടയാന്‍ കുറിചെഡുവില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ മദ്യം ലഭ്യമല്ലാത്തതിനാല്‍ ഇവര്‍ സാനിറ്റൈസര്‍ കഴിച്ചിരിക്കാമെന്നു പ്രകാശം ജില്ലാ പൊലീസ് സൂപ്രണ്ട് സിദ്ധാര്‍ഥ് കൗശല്‍ പറഞ്ഞു.
പ്രാദേശിക ക്ഷേത്രത്തിനു സമീപം ഭിക്ഷാടനം നടത്തുന്നയാള്‍ വയറ്റില്‍ കടുത്ത പൊള്ളലേറ്റതായി പരാതിപ്പെട്ടതോടെയാണ് സാനിറ്റൈസര്‍ ദുരന്തം വെളിപ്പെട്ടത്. ഇയാള്‍ക്കു പിന്നാലെ കടുത്ത വയറുവേദനയെ തുടര്‍ന്ന് അടുത്തദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റു രണ്ടു പേരും മരിച്ചു. സമാന ലക്ഷണങ്ങളോടെ ആശുപത്രിയില്‍ അഡ്മിറ്റായ ആറു പേര്‍ വെള്ളിയാഴ്ചയും മരിച്ചു.

SHARE