കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റയാളെ രക്ഷിക്കാന്‍ രാത്രി തനിച്ച് ഉള്‍ക്കാട്ടിലേക്ക്; രാസാങ്കത്തെ തോളിലേറ്റി ആദിവാസി മൂപ്പന്റെ അരമണിക്കൂര്‍ യാത്ര- വിസ്മയകരം ഈ രക്ഷാദൗത്യം

പരിക്കേറ്റ രാസാങ്കം, ഇന്‍സെറ്റില്‍ ബാബു

നെടുങ്കണ്ടം: കൊടുങ്കാടിനുള്ളില്‍ കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ മദ്ധ്യവസയ്കന് രക്ഷകനായത് ആദിവാസി മൂപ്പന്‍. തേവാരംമെട്ട് മന്നാക്കുടി ഊരിലെ ആദിവാസി മൂപ്പന്‍ ബാബുവാണ് വിസ്മയിപ്പിക്കുന്ന രക്ഷാദൗത്യം നടത്തിയത്.

ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് കാടിനുള്ളില്‍ ബോധരഹിതനായി കിടന്ന തേനി വരശിനാട് പൊന്നവടുക സ്വദേശി രാസാങ്കത്തെ (58) മുപ്പത് മിനിറ്റ് തോളിലേറ്റി കാടിനുള്ളിലൂടെ നടന്നാണ് ബാബു രക്ഷപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ തേവാരംമെട്ടിലെ വനാതിര്‍ത്തിയിലൂടെ ഉടുമ്പന്‍ചോലയിലേക്ക് വരുന്നതിനിടെയാണ് സംഭവം.

സംഭവം ഇങ്ങനെ;

ഉടുമ്പന്‍ചോല കൂക്കലാറില്‍ താമസിക്കുന്ന ഭാര്യയെയും മക്കളെയും കാണാന്‍ തേവാരത്തു നിന്ന് പുറപ്പെട്ടതായിരുന്നു രാസാങ്കവും സുഹൃത്ത് മുനിയാണ്ടിയും. ചൊവ്വാഴ്ച വൈകിട്ട് നാലിന് പുറപ്പെട്ട ഇവര്‍ ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ രാത്രിയായി. വഴിയില്‍ കാട്ടാനയെ കണ്ട് ഇരുവരും ഭയന്നോടി. ഓടി രക്ഷപ്പെടുന്നതിനിടെ മുനിയാണ്ടി തിരിഞ്ഞു നോക്കിയപ്പോള്‍ രാസാങ്കത്തിന്റെ കാലില്‍ കാട്ടാന തുമ്പിക്കൈ കൊണ്ട പിടികൂടുന്നത് കണ്ടു.

ഭയന്നോടി തേവാരംമെട്ടിലെത്തിയ മുനിയാണ്ടി നാട്ടുകാരെ വിവരം അറിയിച്ചു. രാത്രിയായതിനാല്‍ വനംവകുപ്പിനും പൊലീസിനും ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ഇതോടെ ഉടുമ്പന്‍ചോല പൊലീസ് തമിഴ്‌നാട് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

വനാതിര്‍ത്തിയില്‍ സ്ഥിരം ശല്യമുണ്ടാക്കുന്ന ആനയായതിനാല്‍ രാത്രി പരിശോധന വേണ്ടെന്ന് തേവാരത്തെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി. പൊലീസ് നിസ്സഹായരായതോടെ ബാബു ഒറ്റയ്ക്ക് ടോര്‍ച്ചുമായി ഉള്‍ക്കാട്ടിലേക്ക് പോയി. ബോധരഹിതനായി കിടന്ന രാസാങ്കത്തെ ഒറ്റയ്ക്ക് ചുമലിലേറ്റി തിരിച്ചെത്തുകയും ചെയ്തു.

രണ്ടു കൊമ്പുകളും നഷ്ടപ്പെട്ട കാട്ടാനയ്ക്ക് കാഴ്ചക്കുറവ് ഉണ്ടായിരുന്നു. ഇതാണ് രാസാങ്കത്തിന് ആനയില്‍ നിന്ന് രക്ഷപ്പെടാനായത്. ആന കാലില്‍ പിടിച്ചു വലിച്ചെങ്കിലും രാസാങ്കം ഒഴിഞ്ഞു മാറി. ആന വീണ്ടും പിടികൂടാന്‍ ശ്രമിച്ച വേളയില്‍ വലിയ മരത്തിന്റെ വേരുകള്‍ക്ക് ഇടയിലേക്ക് രാസാങ്കം ഇഴഞ്ഞു കയറുകയായിരുന്നു.

SHARE