ന്യൂഡല്‍ഹി: കോവിഡിനെതിരെ നേരിടാന്‍ സാമൂഹിക അകലം പാലിക്കുകയല്ലാതെ മറ്റു ഫലപ്രദമായ മാര്‍ഗങ്ങളില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കോവിഡ് ബാധിച്ച രോഗികള്‍ പുറത്തിറങ്ങി നടന്നാല്‍ അതീവ ഗൗരവമായ സ്ഥിതി വിശേഷത്തിലേക്ക് രാജ്യം പോകുമെന്നും കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി.
ക്വാറന്റൈനില്‍ പോകാത്ത ഒരു കോവിഡ് രോഗി 30 ദിവസത്തിനുള്ളില്‍ 406 പേര്‍ക്ക് രോഗം പരത്താം എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് പറയുന്നത്. അതു കൊണ്ടു തന്നെ രോഗികളും നിരീക്ഷണത്തിലുള്ളവരും കര്‍ശനമായി ക്വാറന്റൈന് നിര്‍ദ്ദേശങ്ങള്‍ പാലിച്ചേ തീരൂ. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്ക് രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയടക്കമുള്ള ശക്തമായ നിയമനടപടികള്‍ കൈക്കൊള്ളും- ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥന് ലാവ് അഗര്‍വാള്‍ പറഞ്ഞു.
മുന്‍കരുതല്‍ സ്വീകരിച്ചാല്‍ ഇത രണ്ടു പേരിലേക്ക് ചുരുക്കാം. നിലവില്‍ ഇത് 1.5 മുതല്‍ നാലു വരെയാണ്. ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുന്നതിനായി സ്കൂളുകളിലും കോളജുകളിലും ചെറിയ രോഗലക്ഷണമുള്ളവര്‍ക്കായി പരിരക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദിനംപ്രതി കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന പല സംസ്ഥാനങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേന്ദ്രം സാഹചര്യങ്ങള്‍ നിരീക്ഷിച്ചു വരികയാണ്. ചൊവ്വാഴ്ച വൈകിട്ടു വരെ രാജ്യത്ത് 4789 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 124 മരണങ്ങളുമുണ്ടായി. 24 മണിക്കൂറിനിടെ മാത്രം 13 മരണങ്ങളും 508 കേസുകളുമാണ് പുതുതായി ഉണ്ടായത്.
തിങ്കളാഴ്ച 704 കേസാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. യു.എസ്, യൂറോപ്യന്‍ രാഷ്ട്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ നിരക്കുകള്‍ താരതമ്യേന ചെറുതാണെങ്കിലും സാമൂഹ്യവ്യാപന ഭീതി നിലനില്‍ക്കുകയാണ്.