ന്യൂഡല്‍ഹി: കോവിഡ് വൈറസിനെതിരെ ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിന് ഓഗസ്റ്റ് 15ന് ലഭ്യമാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്). സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
‘എല്ലാ ക്ലിനിക്കല്‍ പരീക്ഷണങ്ങളും പൂര്‍ത്തിയാക്കി 2020 ഓഗസ്റ്റ് 15ന് വാക്സിന് പുറത്തിറക്കും. ഈ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്ലിനിക്കല്‍ പരിശോധനാ ഇടങ്ങളുടെ സഹകരണം അനുസരിച്ചിരിക്കും വാക്സിന്റെ പുരോഗതി’ – ഭാര്‍ഗവ പറഞ്ഞു. ഐ.സി.എം.ആര് നടത്തിയ ആഭ്യന്തര കത്തിടപാടിലാണ് വാക്സിനെ കുറിച്ച് പരാമര്‍ശിക്കുന്നത്. ന്യൂസ് 18നാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. സംഭവത്തോട് പ്രതികരിക്കാന്‍ ഭാരത് ബയോടെക് തയ്യാറായില്ല.
അതിനിടെ, സാര്‍സ് കോവ് -2 വൈറസിനെതിരെയുള്ള വാക്സിന് വികസിപ്പിക്കാന്‍ 12-18 മാസങ്ങള്‍ വേണ്ടി വരുമെന്നാണ് ലോകാരോഗ്യ സംഘടനാ ശാസ്ത്രജ്ഞര്‍ പറയുന്നത്. സാധാരണ ഗതിയില്‍ വര്‍ഷങ്ങളോ പതിറ്റാണ്ടുകളോ ആണ് ഒരു വാക്സിന് വികസിപ്പിക്കാനയി വേണ്ടത്.
തദ്ദേശീയമായ കോവിഡ് വാക്സിന് നിര്‍മാണത്തില്‍ 12 സ്ഥാപനങ്ങളാണ് സഹകരിക്കുന്നത് എന്ന് ഐ.സി.എം.ആര് പറയുന്നു.