ഇന്ത്യയുടെ അപരാജിത കുതിപ്പിന് ഇംഗ്ലണ്ട് പൂട്ടിട്ടു

ബര്‍മിങ്ഹാം: ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ തോല്‍വി. ആതിഥേയരായ ഇംഗ്ലണ്ടാണ് ഇന്ത്യയെ 31 റണ്‍സിന് തോല്‍പിച്ചത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ ഇന്നിങ്‌സ് 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ജോണി ബെയര്‍സ്‌റ്റോയുടെ സെഞ്ച്വറി പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിച്ചത്. പത്തു ബൗണ്ടറിയും ആറ് സിക്‌സും ഉള്‍പ്പെടെ ബെയര്‍‌സ്റ്റോ നേടിയത് 111 റണ്‍സാണ്.

ഇന്ത്യക്കു വേണ്ടി രോഹിത് ശര്‍മ സെഞ്ച്വറിയും (102), മുഹമ്മദ് ഷമി അഞ്ചു വിക്കറ്റുകളും നേടിയെങ്കിലും വിജയത്തിലേക്ക് എത്തിച്ചില്ല. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ അഞ്ചു കളിയിലും ജയിച്ച ഇന്ത്യയുടെ ആദ്യ തോല്‍വിയാണിത്. ബെന്‍ സ്‌റ്റോക്‌സ് (54 പന്തില്‍ 79 റണ്‍സ്), ജേസന്‍ റോയ് (57 പന്തില്‍ 66 റണ്‍സ്) മികച്ച പ്രകടനം പുറത്തെടുത്തു. 90 പന്തില്‍ നിന്നാണ് ബെയര്‍‌സ്റ്റോ തന്റെ ആദ്യ സെഞ്ച്വറി നേടിയത്. പ്ലങ്കറ്റ് അഞ്ച് വിക്കറ്റും വോക്‌സ് രണ്ട് വിക്കറ്റും ഇംഗ്ലണ്ടിനു വേണ്ടി നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ കെ.എല്‍ രാഹുലിനെ നഷ്ടമായി. തുടര്‍ന്നു വന്ന ക്യാപ്റ്റന്‍ വിരാത് കോലി 76 പന്തില്‍ 66 റണ്‍സ് നേടി. പതിയെ തുടങ്ങിയ രോഹിത് ശര്‍മ കോലിക്കൊപ്പം ആക്രമിച്ചു കളിച്ചു. കോലി മടങ്ങിയതോടെ എത്തിയ റിഷഭ് പന്തിനും 29 പന്തില്‍ 32 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. പന്തിന്റെ ലോകകപ്പിലെ ആദ്യ മത്സരമായിരുന്നു ഇത്. ഇന്നിങ്‌സ അവസാനിക്കുമ്പോള്‍ 31 പന്തില്‍ 42 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ധോനിയും 13 പന്തില്‍ 12 റണ്‍സെടുത്ത് കേദാര്‍ ജാദവുമായിരുന്നു ക്രീസില്‍.