ഓസീസ് സെമിയില്‍ വീണ്ടും പരാജയം, ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തില്‍

ലോര്‍ഡ്‌സ്: തകര്‍പ്പന്‍ വിജയവുമായി ഓസ്‌ട്രേലിയ ലോകകപ്പിന്റെ സെമി ഫൈനല്‍ ബെര്‍ത്തുറപ്പിക്കുന്ന ആദ്യ ടീമായി. ആധികാരിക പ്രകടനത്തില്‍ 64 റണ്‍സിനവര്‍ ആതിഥേയരായ ഇംഗ്ലണ്ടിനെ അനായാസം കീഴ്‌പ്പെടുത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കാരുടെ ആറാമത് വിജയമാണിത്. 12 പോയിന്റുള്ള അവര്‍ക്ക് ഇനിയുള്ള രണ്ട്് മല്‍സരങ്ങളില്‍ പരാജയപ്പെട്ടാലും പ്രശ്‌നമില്ല. അതേ സമയം ചാമ്പ്യന്‍ഷിപ്പിലെ മൂന്നാം തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി സാധ്യതകള്‍ക്ക്് വന്‍ തിരിച്ചടിയേറ്റു. അവശേഷിക്കുന്ന രണ്ട് മല്‍സരങ്ങളില്‍ ജയിച്ചാല്‍ മാത്രമാണ് സാധ്യത. നായകന്‍ അരോണ്‍ ഫിഞ്ചിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റിന് 285 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ ലോര്‍ഡ്‌സിലെ വേദിയില്‍ ഇംഗ്ലീഷ് നിരയില്‍ മിന്നിയത് 89 റണ്‍സ് നേടിയ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സ് മാത്രം. അദ്ദേഹം ക്രീസിലുള്ളപ്പോള്‍ വിജയ സാധ്യത ഇംഗ്ലണ്ടിനുണ്ടായിരുന്നു. പക്ഷേ ലോകകപ്പില്‍ ആദ്യ മല്‍സരം കളിക്കുന്ന ബെഹറന്റോഫ് അഞ്ചും പ്രധാന സീമര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് നാലും വിക്കറ്റ് നേടിയപ്പോള്‍ 44.4 ഓവറില്‍ ഇംഗ്ലണ്ടിന്റെ എല്ലാവരും 221 റണ്‍സിന് പുറത്തായി. ഫിഞ്ചാണ് കളിയിലെ കേമന്‍. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ ജെയിംസ് വിന്‍സിനെ പുറത്താക്കി ബെഹറന്റോഫാണ് ഓസീസിന് ഗംഭീര തുടക്കം നല്‍കിയത്. ജോ റൂട്ട് എട്ടിലും നായകന്‍ മോര്‍ഗന്‍ നാലിലും ഓപ്പണര്‍ ബെയര്‍ സ്റ്റോ 27 ലും പുറത്തായപ്പോള്‍ സ്‌റ്റോക്ക്‌സിന് പിന്തുണ നല്‍കിയത് ജോസ് ബട്‌ലറായിരുന്നു. സ്‌റ്റോണിസിന്റെ പന്തില്‍ ബട്‌ലര്‍ പുറത്തായതോടെ ഓസ്‌ട്രേലിയക്കാര്‍ പിടിമുറുക്കി. നേരത്തെ ഓസീസ് ബാറ്റിംഗില്‍ നായകന് പുറമെ ഡേവിഡ് വാര്‍ണര്‍ (53), സ്റ്റീവന്‍ സ്മിത്ത് (38), കാരെ (38 നോട്ടൗട്ട് )എന്നിവരും തിളങ്ങി. വാലറ്റത്തില്‍ പക്ഷേ അതിവേഗതയില്‍ സ്‌ക്കോര്‍ ചെയ്യാനായില്ല.