റസിഡന്‍സ് വിസയുള്ളവര്‍ക്ക് ഐ.സി.എ അനുമതി വേണ്ടെന്ന് അബുദാബി; പ്രവാസികള്‍ക്ക് ആശ്വാസം

അബുദാബി: അബുബാദി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്ന പ്രവാസികള്‍ക്ക് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ് (ഐ.സി.എ) അനുമതി ആവശ്യമില്ലെന്ന് വിമാനക്കമ്പനി. ഖലീജ് ടൈംസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) ഇതു സംബന്ധിച്ച് ട്രാവല്‍ ഏജന്‍സികള്‍ക്ക് നോട്ടിഫിക്കേഷന്‍ അയച്ചു. ‘താമസ വിസയുള്ളവര്‍ക്ക് അബുദാബി വിമാനത്താവളത്തില്‍ എത്താന്‍ ഐ.സി.എ അനുമതി ആവശ്യമില്ല’ എന്നാണ് നോട്ടിഫിക്കേഷനില്‍ പറയുന്നത്. ഇന്ത്യന്‍ യാത്രക്കാര്‍ക്കും തീരുമാനം ബാധകമായിരിക്കും എന്നാണ് കരുതപ്പെടുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ എംബസിയോ യു.എ.ഇ അധികൃതരോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഏതു സമയത്തും ചട്ടം ഭേദഗതി ചെയ്യപ്പെടാമെന്നും നോട്ടിഫിക്കേഷനില്‍ പറയുന്നുണ്ട്. പാക് എയര്‍ലൈന്‍സ് വക്താവ് അബ്ദുല്ല ഖാന്‍ വാര്‍ത്ത സ്ഥിരീകരിച്ചതായി ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്താനിലെ രണ്ടാമത്തെ വലിയ വിമാനക്കമ്പനി എയര്‍ ബ്ലൂവും വാര്‍ത്ത സ്ഥിരീകരിച്ചു. അബൂദാബിയിലേക്കും അല്‍ ഐനിലേക്കും പോകുന്നവര്‍ക്ക് ഐ.സി.എ അനുമതി വേണ്ടെന്ന് എയര്‍ ബ്ലൂ വക്താവ് അബ്ബാസ് റസാ ധര്‍ പറഞ്ഞു.

ഇന്ത്യയിലും നിരവധി പ്രവാസികള്‍ ഐ.സി.എ അനുമതി ലഭിക്കാതെ ബുദ്ധിമുട്ടിയിരുന്നു. കേരളത്തില്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ക്ക് ഇതുമൂലം യാത്ര നീട്ടിവയ്‌ക്കേണ്ടി വന്നിരുന്നു. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള മറ്റു കാര്യങ്ങളില്‍ ഇളവുണ്ടാകില്ല. യു.എ.ഇ അംഗീകൃത ലാബുകളിലാണ് പരിശോധന നടത്തേണ്ടത്.

ഇന്ത്യയില്‍ പരിശോധന നടത്തിയാലും അതിന്റെ ഫലം നല്‍കുക പ്യുവര്‍ ഹെല്‍ത്ത് ലബോറട്ടിറുടെ ഐ.ടി സംവിധാനം വഴിയാണ്. ഇ-മെയില്‍ ആയാണ് റിസല്‍ട്ട് അയക്കുക. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് (ഐ.സി.എ) ഡാറ്റ ബേസില്‍ സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യുകയും ചെയ്യും. അതുകൊണ്ടു തന്നെ യാത്രക്കാരന്‍ പരിശോധന നടത്തിയോ, റിസല്‍ട്ട് നെഗറ്റീവ് ആണോ തുടങ്ങിയ കാര്യങ്ങള്‍ സര്‍ക്കാറിന് കൃത്യമായി അറിയാനാകും. ഐ.സി.എയുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഏക ഐ.ടി സംവിധാനം പ്യുവര്‍ ഹെല്‍ത്തിന്റേതാണ്.

ഇതുകൂടാതെ, ഇ-മെയില്‍ വഴി ലഭിച്ച പരിശോധനാ ഫലം യാത്രക്കാര്‍ക്ക് പ്രിന്റെടുത്ത് സൂക്ഷിക്കാവുന്നതുമാണ്. ഇതില്‍ സുരക്ഷാ ക്യു ആര്‍ കോഡ് ഉണ്ടാകും. ഇതുവഴി ഓട്ടോമാറ്റിക് ആയി ഫലം പരിശോധിക്കാനാകും