ഉയരത്തിലല്ല കാര്യം;പൊക്കമില്ലായ്മയെ ഐഎഎസ് കൊണ്ട് തോല്‍പിച്ച് ആര്‍തി ദോഗ്ര

ജയ്പൂര്‍: രാജസ്ഥാന്‍ കേഡറിലെ ഐ എ എസ് ഉദ്യോഗസ്ഥയായ ആര്‍തി ദോഗ്ര രാജ്യമെമ്പാടുമുള്ള വനിത ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഒരു മാതൃകയാണ്. ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ ജനിച്ച ആര്‍തിയുടെ പൊക്കം മൂന്നടി ആറിഞ്ച് ആണ്. എന്നാല്‍, ഈ പൊക്കമില്ലായ്മ സ്വപ്നങ്ങള്‍ നേടിയെടുക്കുന്നതിന് അവര്‍ക്ക് ഒരു തടസമായില്ല.

ഇന്ത്യന്‍ ആര്‍മിയിലെ കേണല്‍ ആയിരുന്ന രാജേന്ദ്ര ദോഗ്രയുടെയും സ്‌കൂള്‍ പ്രിന്‍സിപ്പള്‍ ആയിരുന്ന കുംകുമിന്റെയും മകളായിട്ട് ആയിരുന്നു ആര്‍തിയുടെ ജനനം. ജനിച്ചപ്പോള്‍ തന്നെ സാധാരണ സ്‌കൂളില്‍ പഠിക്കാന്‍ അവള്‍ക്ക് സാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍, ഡോക്ടര്‍മാരെയും പരമ്പരാഗത രീതികളെയും അവഗണിച്ച് ഡെറാഡൂണിലെ പ്രശസ്തമായ വെല്‍ഹാം ഗേള്‍സ് സ്‌കൂളില്‍ അവള്‍ ചേര്‍ന്നു. ഡല്‍ഹി സര്‍വകലാശാലയിലെ ലേഡി ശ്രീറാം കോളേജില്‍ നിന്ന് ബിരുദവും സ്വന്തമാക്കി.

തന്റെ ഐ എ എസ് ജീവിതത്തിനിടയില്‍ ഇതുവരെ നിരവധി ഉന്നത സ്ഥാനങ്ങളില്‍ ആര്‍തി നിയമിതയായിട്ടുണ്ട്. അജ്മീര്‍ കളക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരികയാണ് ഇപ്പോള്‍. നേരത്തെ, ജോധ്പുര്‍ ഡിസ്‌കോമിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്ത് നിയമിതയായിരുന്നു. ഇത്രയും പ്രധാനപ്പെട്ട ഒരു പോസ്റ്റില്‍ നിയമിതയായ ആദ്യത്തെ വനിതയാണ് ആര്‍തി.

രാജസ്ഥാന്‍ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ മികച്ച പ്രകടനത്തിന് രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദില്‍ നിന്നും ആര്‍തിക്ക് 2019ല്‍ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ വോട്ട് ചെയ്യാനും അങ്ങനെ ജനാധിപത്യ വ്യവസ്ഥിതിയില്‍ പങ്കാളികളാകാനും അവര്‍ പ്രചോദിപ്പിച്ചതിനായിരുന്നു അത്.

SHARE