‘ഞാന്‍ ഗുജറാത്തി, ഞാന്‍ കോണ്‍ഗ്രസ്’; ഗുജറാത്തില്‍ ബിജെപിക്ക് തിരിച്ചടി

അഹമ്മദാബാദ്: ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നവസര്‍ജന്‍ യാത്രയോടെയാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായത്. യാത്രയുടെ ആദ്യ ദിവസം തന്നെ സമൂഹമാധ്യമങ്ങളിലും മറ്റും ശക്തമായ പിന്തുണയാണ് രാഹുലിന് ലഭിക്കുന്നത്.

ഞാന്‍ ഗുജറാത്തി, ഞാന്‍ കോണ്‍ഗ്രസ് എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളില്‍ തരംഗമാണ്.

സംസ്ഥാനത്ത് ഇനി കോണ്‍ഗ്രസ് ഭരണം നടത്തട്ടെയെന്നാണ് ട്വിറ്ററില്‍ പലരും പറയുന്നത്.

നോട്ട് അസാധുവാക്കല്‍ നടപടിയും ജി.എസ്.ടിയും ഗുജറാത്തില്‍ വ്യാപക പ്രതിഷേധത്തിന് തിരിതെളിച്ചിട്ടുണ്ടെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു നേടിയ ബിജെപിക്ക് ഇത്തവണ അതിന് സാധിക്കില്ലെന്നും മറ്റു ചിലര്‍ ട്വീറ്റു ചെയ്തു.

ആദിവാസികളും കര്‍ഷകരും ധാരാളമുള്ള ഗുജറാത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഭരണവിരുദ്ധവികാരം ശക്തമാണ്. ഈ സാഹചര്യം മുതലെടുക്കണമെന്നാണ് ചിലര്‍ കോണ്‍്ഗ്രസ് നേതൃത്വത്തെ ഉപദേശിക്കുന്നത്.

എന്നാല്‍ രാഹുലിന് അനുകൂല തരംഗത്തിനെതിരെ ബിജെപിയുടെ സൈബര്‍ പോരാളികളും രംഗത്തുവന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നാണ് ഇതിനെതിരെ പ്രതികരിച്ചത്.

ഗുജറാത്ത് എന്നാല്‍ മോദിയാണെന്നും ഗുജറാത്ത് എന്നാല്‍ വികസനമാണെന്നും ഗുജറാത്ത് എന്നാല്‍ 24×7 വൈദ്യുതിയാണെന്നും ബിജെപിക്ക് വോട്ട് ചെയ്യണമെന്നുമാണ് സൈബര്‍ പോരാളികള്‍ പറയുന്നത്.

 

SHARE