ന്യൂഡല്‍ഹി: തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം പ്രചാരണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും താന്‍ സമ്പൂര്‍ണ്ണ ആരോഗ്യവാനാണെന്നും അദ്ദേഹം വ്യക്തമാക്കി. സാമൂഹിക മാദ്ധ്യമങ്ങളിലാണ് ഷാ തന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദീകരിച്ചത്.
കോവിഡിന്റെ പശ്ചാത്തലത്തില്‍ വളരെ ചുരുക്കമായേ അമിത് ഷായെ പൊതുവേദികളില്‍ കണ്ടിരുന്നുള്ളൂ. ഇതേത്തുടര്‍ന്നാണ് മന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന പ്രചാരണം ശക്തമായിരുന്നത്.
‘ആഗോള തലത്തില്‍ തന്നെ വ്യാപിച്ച കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് രാജ്യം. ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ എനിക്ക് ഏറെ തിരക്കുകള്‍ ഉണ്ട്. ഇക്കാര്യങ്ങളില്‍ (അഭ്യൂഹങ്ങളില്‍) ഒന്നും ശ്രദ്ധ കൊടുക്കാറില്ല. ഇത്തരം അഭ്യൂഹങ്ങള്‍ ഉണ്ടാക്കുന്നവര്‍ അവരുടെ ഭാവന ആസ്വദിക്കട്ടെ എന്നു വിചാരിച്ചു. അതു കൊണ്ടാണ് വിശദീകരണങ്ങള്‍ നല്‍കാതിരുന്നത്’ – ഹിന്ദിയിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
‘പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഇപ്പോള്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. അവരെ നിരാശപ്പെടുത്താന്‍ പാടില്ല. ഹൈന്ദവ വിശ്വാസ പ്രകാരം ഇത്തരം അഭ്യൂഹങ്ങള്‍ ഒരാളെ ശ്ക്തനാക്കുന്നേയുള്ളൂ. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരോട് വിദ്വേഷമില്ല’ – അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം ഷായുടെ ആരോഗ്യസ്ഥിയെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച നാലു പേരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അഹമ്മദാബാദില്‍ നിന്നുള്ള ഫിറോസ് ഖാന്, സര്‍ഫറാസ്, സജ്ജാദ് അലി, ഷിറാസ് ഹുസൈന് എന്നിവരാണ് പിടിയിലായിരുന്നത്.