നിരപരാധി, തന്റെ ചിത്രങ്ങള്‍ മാദ്ധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കണം: മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സ്വപ്‌ന സുരേഷ്

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ താന്‍ നിരപരാധിയെന്ന് സ്വപ്‌ന സുരേഷ്. ജോലി രാജിവച്ച ശേഷവും കോണ്‍സുലേറ്റ് ഉദ്യോസ്ഥര്‍ തന്റെ സേവനം സൗജന്യമായി ഉപയോഗിച്ചിരുന്നു എന്നും സ്വപ്‌ന വ്യക്തമാക്കി. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സ്വപ്‌നയുടെ അവകാശവാദങ്ങള്‍. ഇ-ഫയലിങ് വഴിയാണ് സ്വപ്‌ന അപേക്ഷ സമര്‍പ്പിച്ചത്.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നിലവിലെ കോണ്‍സുലേറ്റ് ജനറല്‍ നാട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. നിലവില്‍ ആക്ടിംഗ് കോണ്‍സുലേറ്റ് ജനറലായി പ്രവര്‍ത്തിക്കുന്ന റാഷിദ് ഖാമിസ് അല്‍ ഷമെയ്‌ലി തനിക്ക് വന്ന കാര്‍ഗോ വൈകുന്നതെന്തുകൊണ്ട് എന്ന് അന്വേഷിക്കാനായി തന്നെ ചുമതലപ്പെടുത്തി. അതനുസരിച്ചാണ് കസ്റ്റംസിനെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചത്.

കസ്റ്റംസ് കാര്‍ഗോ ഓഫീസില്‍ താന്‍ പോയില്ല, കോണ്‍സുലേറ്റ് നിര്‍ദേശ പ്രകാരം ഇ- മെയില്‍ അയക്കുക മാത്രമാണ് ചെയ്തത്. നേരിട്ട് പോയി കാര്‍ഗോ കൈപ്പറ്റാന്‍ തനിക്ക് കഴിയില്ല. കോണ്‍സുലേറ്റ് പിആര്‍ഒയ്ക്ക് മാത്രമേ അതിന് അധികാരമുള്ളൂ. അതിനാലാണ് ഫോണില്‍ വിളിച്ച് കാര്‍ഗോ എത്തുന്നത് വൈകുന്നതെന്തുകൊണ്ട് എന്ന് ചോദിച്ചത്- സ്വപ്‌ന പറയുന്നു.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സിന് കീഴിലുള്ള കരാര്‍ ജീവനക്കാരിയാണ് താനെന്ന് സ്വപ്‌ന വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുത്തി വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിചേര്‍ക്കാന്‍ കസ്റ്റംസ് ഒരുങ്ങുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോട് തനിക്ക് ഒന്നും പറയാനില്ല, പക്ഷേ അന്വേഷണവുമായി എല്ലാ തരത്തിലും സഹകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു.

അഭിഭാഷകന്‍ രാജേഷ് കുമാറാണ് സ്വപ്‌നയ്ക്കു വേണ്ടി കോടതിയില്‍ ഹാജരാകുന്നത്. സ്വപ്‌ന എവിടെയാണ് എന്ന കാര്യം അറിയില്ലെന്നും കേസ് ഏറ്റെടുക്കാന്‍ യാതൊരു തരത്തിലുള്ള സമ്മര്‍ദ്ദവും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

SHARE