ഉക്രെയ്ന്‍ വിമാനത്തിനെതിരെ മിസൈലാക്രമണം; ഞാന്‍ മരിച്ചിരുന്നെങ്കിലെന്ന് കരുതിപ്പോയിയെന്ന് ഇറാന്‍ വ്യോമസേനാ മേധാവി

ടെഹ്‌റാന്‍: ഉക്രെയ്ന്‍ വിമാനം മിസൈലാക്രമണത്തില്‍ തകരാനിടയായതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുത്ത് ഇറാന്‍ വ്യോമസേന വിഭാഗത്തിന്റെ മേധാവി അമീര്‍ അലി ഹാജിസാദേ. ആശയവിനിമയത്തിലെ പാളിച്ചമൂലമാണ് വന്‍ ദുരന്തം ഉണ്ടായത്. കൈപിഴ അറിഞ്ഞപ്പോള്‍ ഞാന്‍ മരിച്ചിരുന്നെങ്കില്‍ എന്ന് കരുതിപ്പോയതായും ഔദ്യോഗിക ടെലിവിഷന്‍ ചാനലില്‍ നടത്തിയ പ്രസ്താവനല്‍ അമീര്‍ അലി ഹാജിസാദേ പറഞ്ഞു.

‘ഇറാഖിലെ യു.എസ്. സൈനികത്താവളത്തിനുനേരെ ആക്രമണം നടത്തിയതിനു തൊട്ടുപിന്നാലെയാണ് ഉക്രെയ്ന്‍ വിമാനം തകര്‍ന്നുവീണെന്ന ഹൃദയഭേദകമായ വാര്‍ത്ത കേട്ടത്. സംഭവത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമേറ്റെടുക്കുന്നു. ഇക്കാര്യത്തില്‍ ഭരണകൂടം നല്‍കുന്ന എന്തുശിക്ഷയും അനുസരിക്കും. ഇത്തരമൊരു സംഭവത്തിന് ദൃക്‌സാക്ഷിയാകുന്നതിനെക്കാള്‍ മരണമായിരിക്കും ഞാന്‍ തെരഞ്ഞെടുക്കുക, ഇറാന്‍ വ്യോമസേനാ മേധാവി പറഞ്ഞു.

സംഭവം നടക്കുന്ന ദിവസം രാത്രി ഇറാനില്‍ യുദ്ധസമാന സാഹചര്യമായിരുന്നു. സൈന്യം അത്രമേല്‍ ജാഗ്രതയിലായിരുന്നു. ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍മാത്രം മതിയെന്ന തരത്തില്‍ സജ്ജമായിരുന്നു. ഇറാനുനേരെ ക്രൂസ് മിസൈലാക്രമണം നടന്നേക്കുമെന്ന് പലഘട്ടങ്ങളിലും വിവരം ലഭിച്ചതോടെ വിമാനത്തെ മിസൈലാണെന്ന് തെറ്റിദ്ധരിച്ച് ഓപ്പറേറ്റര്‍ മിസൈല്‍വേധ മിൈസല്‍ തൊടുത്തു. സ്ഥിരീകരണം ലഭിച്ചതിനുശേഷംമാത്രം ചെയ്യേണ്ട നടപടിയായിരുന്നു. അവിടെയാണ് പിഴവുണ്ടായത്. എന്നാല്‍, വിവരങ്ങളുടെ തള്ളിക്കയറ്റത്താല്‍ ആശയവിനിമയസംവിധാനം തകരാറിലായതോടെ തീരുമാനം സ്വയമെടുക്കാന്‍ ആ ഓപ്പറേറ്റര്‍ നിര്‍ബന്ധിതനായി. അയാളുടെ മുന്നിലുണ്ടായിരുന്നത് വെറും പത്തു സെക്കന്‍ഡ് മാത്രമായിരുന്നു’ ഹാജിസാദേ പറഞ്ഞു.

ജനുവരി എട്ടിന് തെഹ്‌റാനിലെ ഇമാം ഖുമേനി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് ഉക്രെയ്ന്‍ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട ഉക്രെയ്ന്‍ യാത്രാ വിമാനം മിസൈലാക്രമണത്തില്‍ തകര്‍ന്ന ദുരന്തത്തില്‍ 176 നിരപരാധികളാണ് മരിച്ചത്. സൈനിക മേധാവി ഖാസിം സുലൈമാനിയെ വധിച്ചതിന് പ്രതികാരമായി ഇറാഖിലെ രണ്ട് യു.എസ് സൈനിക താവളങ്ങളില്‍ അമേരിക്ക മിസൈലാക്രമണങ്ങള്‍ നടത്തിയതിന് ശേഷമായിരുന്നു സംഭവം.

അക്രമത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്ത ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി സൈന്യത്തിന്റെ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്ന് സമ്മതിച്ചിരുന്നു. അമേരിക്കയുമായുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഏറെ ജാഗ്രത പുലര്‍ത്തിയിരുന്ന ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ തന്ത്രപ്രധാന പ്രദേശത്തേക്ക് വിമാനം പ്രവേശിക്കുകയായിരുന്നു. സൈനിക മേഖലയായതുകൊണ്ട് പ്രദേശത്തേക്ക് കടക്കുന്ന വിമാനം അബദ്ധത്തില്‍ വെടിവെച്ചിട്ടത്. വലിയ ദുരന്തമാണ് നടന്നതെന്നും പൊറുക്കാനാകാത്ത തെറ്റാണ് സംഭവിച്ചതെന്നും പ്രസിഡന്റ് റൂഹാനി പറഞ്ഞു.

മാനുഷികമായ പിഴവാണ് അപകടത്തിന് കാരണമെന്നും ശത്രു ലക്ഷ്യത്തിലേക്ക് തൊടുത്ത മിസൈല്‍ അബദ്ധത്തില്‍ വിമാനത്തില്‍ പതിക്കുകയും തകരുകയുമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂഹാനി അറിയിച്ചു. ഉക്രെയ്ന്‍ വിമാനത്തില്‍ മിസൈല്‍ പതിക്കുന്നതിന്റെ വീഡിയോ ന്യൂയോര്‍ക്ക് ടൈംസ് പുറത്തുവിട്ടിട്ടുണ്ട്.

വിമാനാപകടത്തില്‍ മരിച്ചവരുടെ കുടുംബത്തെ അദ്ദേഹം അനുശോചനം അറിയിച്ചു. ലക്ഷ്യംമാറി വിമാനത്തില്‍ മിസൈല്‍ പതിച്ചതാണ് വന്‍ ദുരന്തത്തിന് കാരണമായതെന്ന് ഇറാന്‍ സൈന്യവും വ്യക്തമാക്കി. ഇറാന്റെ സൈനിക കേന്ദ്രത്തോട് ചേര്‍ന്നാണ് വിമാനം പറന്നിരുന്നത്. എല്ലാം ശരിയായ രീതിയിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും മാനുഷികമായ പിഴവാണ് ലക്ഷ്യം തെറ്റാന്‍ കാരണമായതെന്ന് ഇറാന്‍ സേന കൂട്ടിച്ചേര്‍ത്തു. ഇറാന്‍ മിസൈലേറ്റാണ് വിമാനം തകര്‍ന്നതെന്ന് അമേരിക്കയും കാനഡയും ആരോപിച്ചിരുന്നു. അപകടത്തില്‍ മരിച്ചവരില്‍ ഏറെയും ഇറാന്‍ പൗരന്മാരോ കനേഡിയന്‍ പൗരത്വമുള്ള ഇറാന്‍ വംശജരോ ആണ്. 82 ഇറാന്‍കാരും 63 കാനഡക്കാരും 11 ഉക്രെയ്ന്‍കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം വെടിവെച്ചിട്ടതിന് ഇറാന്‍ ശിക്ഷ ഏറ്റുവാങ്ങുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്യണമെന്ന് ഉക്രെയ്ന്‍ ആവശ്യപ്പെട്ടു. മുമ്പും നിരവധി രാജ്യങ്ങള്‍ അബദ്ധത്തില്‍ യാത്രാ വിമാനങ്ങള്‍ വെടിവെച്ചിട്ടുണ്ട്. 1988ല്‍ ഇറാന്‍ വിമാനം യു.എസ് നാവിക സേന വെടിവെച്ചിട്ടതിനെ തുടര്‍ന്ന് 290 പേരാണ് മരിച്ചത്. 2014ല്‍ ഉക്രെയ്‌നുമുകളിലൂടെ സഞ്ചരിക്കുകയായിരുന്ന മലേഷ്യന്‍ വിമാനത്തിന് റഷ്യന്‍ മിസൈലേറ്റുണ്ടായ ദുരന്തത്തില്‍ 298 പേര്‍ മരിച്ചിരുന്നു.