ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് സ്വീകരിച്ച മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ കഴിഞ്ഞ ദിവസം വിരമിച്ച സുപ്രിംകോടതി ന്യായാധിപന് ജസ്റ്റിസ് ദീപക് ഗുപ്ത. ആരും അദ്ദേഹത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്യാന്‍ പാടില്ലായിരുന്നു. അങ്ങനെയുണ്ട് എങ്കില്‍ തന്നെ അദ്ദേഹമത് സ്വീകരിക്കാന്‍ പാടില്ലായിരുന്നു – ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ ജ. ദീപക് ഗുപ്ത പറഞ്ഞു.
‘സര്‍ക്കാറില്‍ നിന്ന് ഞാന്‍ ഒരു വാഗ്ദാനവും സ്വീകരിക്കില്ല. ചില ട്രൈബ്യൂണലുകളിലും അതോറിറ്റികളിലും മുന്‍ സുപ്രിംകോടതി ജഡ്ജ് വേണമെന്ന നിയമമുണ്ട്. അതിലേക്കൊന്നും ഞാനില്ല’ – അദ്ദേഹം വ്യക്തമാക്കി.
പാര്‍ലമെന്റിനും ജുഡീഷ്യറിക്കും ഇടയിലുള്ള പാലമായി താന്‍ പ്രവര്‍ത്തിക്കും എന്ന് ഗൊഗോയ് പറഞ്ഞതായി ചൂണ്ടിക്കാട്ടിയ വേളയില്‍, അത്തരം പാലങ്ങള്‍ നേരത്തെ തന്നെയുണ്ടായിരുന്നു എന്നും ഹൈക്കോടതികളില്‍ ചീഫ് ജസ്റ്റിസായിരിക്കെ, വിവിധ വിഷയങ്ങളില്‍ മുഖ്യമന്ത്രിമാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
സുപ്രിംകോടതി മുന്‍ ജഡ്ജ് ദീപക് മിശ്രയ്ക്കെതിരെയുള്ള പത്ര സമ്മേളനത്തെ കുറിച്ചുള്ള ചോദ്യത്തിന്, പത്രം സമ്മേളനം വിളിച്ചത് ശരിയായില്ല എന്നും സംവിധാനത്തിനുള്ളില്‍ നിന്നു കൊണ്ടു തന്നെ പ്രശ്നങ്ങള്‍ പരിഹരിക്കുകയായിരുന്നു വേണ്ടത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വലിയ തുക ഉള്‍പ്പെട്ട കേസുകളും ഭീമന് നിയമസ്ഥാപനങ്ങള്‍ വാദിക്കുന്ന കേസുകളുമാണ് സുപ്രിം കോടതിയില്‍ ആദ്യം ലിസ്റ്റ് ചെയ്യപ്പെടുന്നതെന്നത് താന്‍ കണ്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസും റജിസ്ട്രാര്‍മാരുമാണ് കേസുകളുടെ ലിസ്റ്റിംഗ് തീരുമാനിക്കുന്നത്. ഇപ്പോഴുള്ള മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കേസ് ലിസ്റ്റ് ചെയ്യുന്ന രീതി മാറണം, സാങ്കേതികതയുടെ അടിസ്ഥാനത്തില്‍ കേസ് ലിസ്റ്റ് ചെയ്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മൂന്ന് വര്‍ഷത്തിലേറെ സുപ്രീം കോടതി ജഡ്ജിയായി സേവനം ചെയ്ത ജസ്റ്റിസ് ദീപക് ഗുപ്ത ബുധനാഴ്ചയാണ് വിരമിച്ചത്.