ലഖ്നൗ: അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിനായുള്ള ഭൂമിപൂജയുടെ ആദ്യ ക്ഷണക്കത്ത് കിട്ടിയത് ഇഖ്ബാല്‍ അന്‍സാരിക്ക്. കേസില്‍ സുപ്രിംകോടതിയില്‍ മുസ്ലിം വിഭാഗത്തിന് വേണ്ടി ഹാജരായ കക്ഷിയായിരുന്നു ഇദ്ദേഹം. ഓഗസ്റ്റ് അഞ്ചിനാണ് ഭൂമി പൂജ.
ക്ഷണം സ്വീകരിക്കുന്നതായും ഭഗവാന് രാമന്റെ ആഗ്രഹമാണ്, ചടങ്ങിലേക്ക് ആദ്യ ക്ഷണം തനിക്ക് ലഭിച്ചതിലൂടെ നടപ്പായതെന്നും ഇഖ്ബാല്‍ അന്‍സാരി പറഞ്ഞു. കാവി നിറത്തില്‍ തയ്യാറാക്കിയ ക്ഷണക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യുപി ഗവര്‍ണര്‍ ആനന്ദീബെന്‍ പട്ടേല്‍ എന്നിവരുടെ പേരുകളുണ്ട് ആ ക്ഷണക്കത്തില്‍.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്ഷേത്രത്തിന് ശിലപാകുന്നത്. ഇരുനൂറോളം പേര് ചടങ്ങിനെത്തുമെന്നാണ് കരുതപ്പെടുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങ്.
അയോദ്ധ്യ കേസിലെ ആദ്യ ഹര്‍ജിക്കാരനായ ഹാഷിം അന്‍സാരിയുടെ മകനാണ് ഇഖ്ബാല്‍ അന്‍സാരി. 2016ല്‍ പിതാവ് അന്തരിച്ച ശേഷം മകന് കേസ് ഏറ്റെടുക്കുകയായിരുന്നു. കേസില്‍ സുപ്രിം കോടതി വിധി പറഞ്ഞ സാഹചര്യത്തില്‍ ഇനി തര്‍ക്കത്തിന് സ്ഥാനമില്ല എന്നാണ് ഇദ്ദേഹം പറയുന്നത്.