മലപ്പുറത്തിനൊപ്പം മലയാളികള്‍, ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം ഹാഷ് ടാഗ്

തിരുവനന്തപുരം: മലപ്പുറം ജില്ലക്കെതിരെ ബിജെപി നേതാവ് മനേകാഗാന്ധി നടത്തിയ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി മലയാളികള്‍ ഒന്നടങ്കം രംഗത്ത്. ട്വിറ്ററില്‍ ‘ഐ സ്റ്റാന്‍ഡ് വിത്ത് മലപ്പുറം’ എന്ന ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ആയി മാറിയിരിക്കുകയാണിപ്പോള്‍. ഇതോടെ വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്ക് മലയാളികളുടെ മറുപടി വന്‍തിരിച്ചടിയായി മാറിയിരിക്കുകയാണ്. കൂടാതെ മലപ്പുറത്തിനെതിരെയും മുസ്ലീം വിഭാഗത്തിനെതിരെയും നടക്കുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം പ്രതിഷേധം കനക്കുകയാണ്.

പാലക്കാട് ജില്ലയില്‍ ഗര്‍ഭിണിയായ ആനയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മലപ്പുറത്താണ് നടന്നതെന്ന ബിജെപി നേതാവ് മനേക ഗാന്ധിയുടെ വാക്കുകള്‍ ഏറ്റുപിടിച്ച് മലപ്പുറം ജില്ലയ്ക്കും കേരളത്തിനും എതിരെ കടുത്ത വിദ്വേഷ പ്രചാരണമാണ് നടക്കുന്നത്. എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെ വര്‍ഗീയ പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്നവര്‍ക്കെതിരെ കടുത്ത മറുപടിയാണ് മലയാളികള്‍ നല്‍കുന്നത്. ഇത്തരം വെറുപ്പിന്റെ പ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ സ്ഥാനം ഇല്ലെന്നും മലപ്പുറത്തിനൊപ്പമാണെന്നും തുറന്ന് പ്രഖ്യാപിക്കുകയാണ് മലയാളികള്‍ ഒന്നടങ്കം.

രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നിരവധി പേര്‍ ശബ്ദമുയര്‍ത്തി ഇതിനോടകം രംഗത്തെത്തി കഴിഞ്ഞു. കുപ്രചരണം നടത്തിയ മനേക ഗാന്ധി പരസ്യമായി മാപ്പുപറയണമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു.