ദിബിന് രമ ഗോപന്
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ജുഡീഷ്യറിയില്‍ വരുത്തിയ പല മാറ്റങ്ങളും പല ജഡ്ജിമാരുടെ വെളിപ്പെടുത്തലുകളും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഭീഷണിയിലൂടെയും അക്രമത്തിലൂടെയും ജുഡീഷ്യറിയെ കൈപ്പിടിയില്‍ ഒതുക്കാന്‍ അധികാരത്തിലെത്തിയത് മുതല്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിച്ചിരുന്നു എന്ന് സുപ്രീംകോടതി ജഡ്ജിമാര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ചര്‍ച്ചയാകുന്നത് ഗുജറാത്തില്‍ ബി.ജെ.പി നടത്തിയ നരഹത്യയുടെ പിന്നാമ്പുറങ്ങളാണ്.
ഗുജറാത്ത് കലാപത്തില്‍ ബി.ജെ.പിയുടെ മായാ കോഡ്നാനി, ബാബു ബജ്രംഗി തുടങ്ങിയവര്‍ക്ക് പങ്കുണ്ടെന്ന് വിധിച്ച ജഡ്ജി ജ്യോത്സ്ന യാഗ്നിയെ ഭീഷണിപ്പെടുത്തിയത് ചര്‍ച്ചയായതോടെ പുറത്ത് വന്നത് നിരവധി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളായിരുന്നു. മുന്‍ ജഡ്ജി ഹിമാന്‍ഷു ത്രിവേദി ഈ വിഷയത്തില്‍ പ്രതികരിച്ചത് അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ സര്‍ക്കാര്‍ ഞാന്‍ അടക്കമുള്ള ജഡ്ജിമാരെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു എന്നായിരുന്നു.
ഹിമാന്‍ഷു ത്രിവേദി 2002 ല്‍ അഹമ്മദാബാദ് സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതിയില്‍ ജില്ലാ കേഡര്‍ ജഡ്ജിയായിരുന്നു. ജഡ്ജിമാരും ജുഡീഷ്യറിയും ന്യൂനപക്ഷ സമുദായത്തിനെതിരെ പ്രവര്‍ത്തിക്കണമെന്ന് ഗുജറാത്ത് സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്നും ഇന്ത്യന്‍ ഭരണഘടനയില്‍ സത്യപ്രതിജ്ഞ ചെയ്തതിനാലാണ് ഞാന്‍ രാജിവെച്ചതെന്നും ത്രിവേദി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.
സൊറാബുദ്ദീന്‍ കേസില്‍ അമിത് ഷായുടെ പങ്ക് വെളിപ്പെട്ട് കേസില്‍ വിധി പറയാനിരിക്കെയാണ് ജസ്റ്റിസ് ലോയ മരണപ്പെടുന്നത്. കേസ് സുപ്രീംകോടതി തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ കുരിയന്‍ ജോസഫ്,ചെലമേശ്വര്‍,രജ്ഞന്‍ ഗോഗോയ്, മദന്‍ ലോക്കൂര്‍ എന്നിവര്‍ അന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ദീപക്ക് മിശ്രക്കെതിരെ രംഗത്തെത്തിയിരുന്നു. ഡല്‍ഹി കലാപത്തില്‍ കേന്ദ്രമന്ത്രിയടക്കമുള്ള ബി.ജെ.പി നേതാക്കള്‍ക്കതിരെ കേസെടുക്കാത്തത് ചോദ്യംചെയ്ത ജസ്റ്റിസ് മുരളീധരനെ രാത്രിക്ക് രാത്രി സ്ഥലം മാറ്റിയത് ചര്‍ച്ചയായിരുന്നു. 46 ആളുകള്‍ക്ക് ജീവന് നഷ്ടമായിട്ടും ഡല്‍ഹി വിഷയത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഡല്‍ഹി വിഷയത്തില്‍ വാദം കേള്‍ക്കുമ്പോള്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ നിരന്തരം ഇടപെട്ടപ്പോള്‍ അതൃപ്തി രേഖപ്പെടുത്തിയ കോടതി വിധി പറയാന്‍ അനുവാദം നല്‍കണമെന്ന് പറഞ്ഞിരുന്നു.
ഭരണഘടനയെ ഇല്ലാതാക്കന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഭരണഘടനാ സംവിധാനങ്ങളെയും തകര്‍ക്കുന്നതില്‍ വ്യകത്മായ കാഴ്ച്ചപ്പാടുണ്ടെന്ന് മനസ്സിലാക്കി തരുന്നതാണ് നിലവില്‍ നടക്കുന്ന പല സംഭവങ്ങളും.