ഐലീഗ് ആവേശത്തില്‍ കോഴിക്കോട്; സോക്കര്‍ ഉത്സവം നാളെ

നാളെ നടക്കുന്ന ഗോകുലം കേരള എഫ്.സി- മോഹന്‍ബഗാന്‍ മത്സരത്തിന് മുന്നോടിയായി കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയം അവസാനഘട്ട മിനുക്ക് പണിയില്‍ (ചിത്രം: സി.കെ തന്‍സീര്‍)

ഷറഫുദ്ദീന്‍ ടി.കെ

കോഴിക്കോട് കളിക്കാരെത്തി, സ്റ്റേഡിയവും ഒരുങ്ങി…. ഫുട്‌ബോളിനെ നെഞ്ചിലേറ്റിയ കോഴിക്കോട്ടുകാര്‍ക്ക് മുന്നില്‍ ഇനി ഐലീഗ് ആവേശപോരാട്ടം. നാളെ വൈകുന്നേരം അഞ്ച്മണിക്ക് കോര്‍പറേഷന്‍ സ്റ്റേഡിയത്തിലാണ് കായികപ്രേമികള്‍ കാത്തിരുന്ന മോഹന്‍ ബഗാന്‍- ഗോകുലം കേരള എഫ്.സി മത്സരം നടക്കുക. ഗോകുലത്തിന്റെ ഹോംഗ്രൗണ്ടായ സ്റ്റേഡിയം അവസാനഘട്ട മിനിക്കുപണിയിലാണ്. കാടുപിടിച്ചിരുന്ന പുല്ലുകള്‍ വെട്ടിമാറ്റി മോടികൂട്ടിയിട്ടുണ്ട്. ഇളകിയ പുല്ലുകള്‍ വെച്ചുപിടിപ്പിച്ചും ഗ്യാലറി പെയിന്റ് ചെയ്ത് സൗകര്യപ്പെടുത്തിയും സ്റ്റേഡിയത്തില്‍ വലിയമാറ്റങ്ങളാണ് നടത്തിയത്. വി.ഐ.പി പവലിയനില്‍നിന്ന് കളികാണാന്‍ പ്രയാസമുള്ളതിനാല്‍ കളിക്കാര്‍ പ്രവേശിക്കുന്ന ഭാഗത്ത് പുതിയവ ഒരുക്കി. അതിഥികള്‍ക്ക് ഇവിടെയാണ് ഇരിപ്പടം സജ്ജമാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ തകര്‍ന്ന കസേരകള്‍മാറ്റി പുതിയവ സ്ഥാപിക്കും. ഫ്‌ളഡ്‌ലൈറ്റ് തകരാര്‍ പരിഹരിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു.

കഴിഞ്ഞവര്‍ഷം നട്ടുച്ചക്കായിരുന്നു ഭൂരിഭാഗം മത്സരമെങ്കില്‍ ഇത്തവണ വൈകുന്നേരം അഞ്ച്മണിക്കും 7.30നുമാണ്. ഇതിനാല്‍തന്നെ പ്രതാപകാലത്തെ ഓര്‍മപ്പെടുത്തുന്നവിധം സ്റ്റേഡിയം നിറയുമെന്ന പ്രതീക്ഷയിലാണ് സംഘാടകര്‍. 30,000പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് കോഴിക്കോട്ടേത്. 50രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75രൂപയുടേയും 150രൂപയുടേയും ദിവസ ടിക്കറ്റുകളുണ്ട്. സീസണ്‍ ടിക്കറ്റുകള്‍ക്ക് 300,500, 700 രൂപയാണ് ഈടാക്കുന്നത്. പത്ത് മത്സരങ്ങളാണ് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകള്‍ പെടിഎം ആപ്പിലൂടെയും വെബ്‌സൈറ്റ് വഴിയും ലഭിക്കും. മത്സരദിവസം സ്റ്റേഡിയത്തില്‍നിന്നും ആരാധകര്‍ക്ക് ടിക്കറ്റ് സ്വന്തമാക്കാം.

മുന്‍ ചാമ്പ്യന്‍മാരായ മോഹന്‍ബഗാനെ നേരിടുന്ന കേരള ടീം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ സീസണില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ആദ്യ കളിയില്‍ സമനിലയും രണ്ടാം മത്സരത്തില്‍ വിജയവും നേടാനായത് ഗോകുലത്തിന്റെ ആത്മവിശ്വാസം കൂട്ടുന്നു. യുവത്വത്തിനും പരിചയസമ്പത്തിനും തുല്യ പ്രാധാന്യം നല്‍കിയുള്ള ടീമാണ് ഗോകുലത്തിന്റേത്. യുഗാണ്ടന്‍ താരം മുഡ്ഡെ മൂസയാണ് ടീം ക്യാപ്റ്റന്‍. മലയാളിതാരം മുഹമ്മദ് റാഷിദാണ് വൈസ് ക്യാപ്റ്റന്‍. ഐ.എസ്.എല്ലില്‍ മുന്‍സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനായി തിളങ്ങിയ സ്‌െ്രെടക്കര്‍ അന്റോണിയോ ജര്‍മ്മയ്‌നാണ് ഇത്തവണ ഗോകുലത്തിന്റെ തുറുപ്പ്ചീട്ട്.

ബ്രസീലില്‍ നിന്നുള്ള ഗില്‍ഹെര്‍മെ കാസ്‌ട്രോ(മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം) ,ഉസ്ബക്കിസ്ഥാന്റെ എവ്ജനി കൊച്ചേവ് കൂടി ചേരുന്നതോടെ ഏതുടീമുമായി കിടപിടിക്കാവുന്ന വിദേശതാരനിരയാണ് കേരള എഫ്.സിക്കുള്ളത്. മുന്‍ ഐലീഗ് ചാമ്പ്യന്‍മാരായ സന്ദര്‍ശക ടീം ഇത്തവണ ഒട്ടേറെ മാറ്റങ്ങളോടെയാണ് ആദ്യ പോരാട്ടത്തിന് ഇറങ്ങുന്നത്. മുന്‍ ഐ.എസ്.എല്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം മെഹതാബ് ഹുസൈന്‍, ഗോകുലത്തില്‍ നിന്ന് കൂടുമാറിയ യുഗാണ്ടന്‍ സ്‌്രൈടക്കര്‍ ഹെന്‍ട്രി കിസേക്ക, കാമറൂണ്‍ താരം അസര്‍ പിയറിക് ഡിപെന്‍ഡ തുടങ്ങി മികച്ച സംഘമാണ് ഇത്തവണ മോഹന്‍ബഗാനുള്ളത്. തിരുവനന്തപുരം സ്വദേശി ബ്രിട്ടോ മോഹന്‍ബഗാന്‍ ടീമിലെ ഏകമലയാളിസാന്നിധ്യമാണ്. പരിചയസമ്പന്നനായ ഷില്‍ട്ടണ്‍ പോളാണ് ഗോള്‍കീപ്പര്‍. ബഗാന്‍ ടീം ഇന്നലെ ദേവഗിരി കോളജ് ഗ്രൗണ്ടില്‍ പരിശീലനം നടത്തി