‘മുസ്‌ലിംകളും പാകിസ്താനികളും എന്റെ ശത്രുക്കളല്ല’: മണിശങ്കര്‍ അയ്യര്‍

ന്യൂഡല്‍ഹി: ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പാകിസ്ഥാനുമായി ചര്‍ച്ച നടത്തിയെന്ന പ്രധാനമന്ത്രിയുടെ ആരോപണത്തില്‍ മറുപടിയുമായി മണിശങ്കര്‍ അയ്യര്‍. മുസ്‌ലിംകളും പാകിസ്താനികളുമൊന്നും തന്റെ ശത്രുക്കളല്ലെന്ന് മണിശങ്കര്‍ അയ്യര്‍. തന്റെ വിരുന്നിലേക്ക് പാകിസ്താനി സുഹൃത്തുക്കളെ ക്ഷണിക്കുന്നതിന് സര്‍ക്കാര്‍ അനുമതി വാങ്ങേണ്ട ആവശ്യമെന്തെന്ന് മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു. തന്റെ സുഹൃത്തിനും തനിക്കും സ്വകാര്യത എന്ന അവകാശമില്ലേ എന്നും അയ്യര്‍ ചോദിക്കുന്നു. മോദിയുടെ ആരോപണത്തിനെതിരെ എന്‍ഡിടിവി വെബ്‌സൈറ്റിലെഴുതിയ ലേഖനത്തിലാണ് മണിശങ്കര്‍ അയ്യരുടെ പ്രതികരണം.

താന്‍ ക്ഷണിച്ച ഖുര്‍ശിദ് കസൌറി പാകിസ്താനി മാത്രമല്ല, 20 വയസ്സ് മുതല്‍ തനിക്കറിയാവുന്ന സുഹൃത്തും കേംബ്രിഡ്ജില്‍ തന്റെ സഹപാഠിയുമായിരുന്നു. ഖുര്‍ശിദുമായുള്ള സൌഹൃദത്തില്‍ തനിക്ക് ഒളിക്കാന്‍ ഒന്നുമില്ല. മൂന്ന് മണിക്കൂറോളം സംസാരിച്ചു. പക്ഷേ ബിജെപി വക്താക്കള്‍ തെറ്റായി ധരിച്ചത് വെളുപ്പിന് മൂന്ന് മണി വരെ ഞങ്ങള്‍ ഗൂഢാലോചന നടത്തിയെന്നാണ്. ഗുജറാത്തിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ലെന്നും മണിശങ്കര്‍ അയ്യര്‍ വ്യക്തമാക്കി. മുന്‍ പ്രധാനമന്ത്രി, ഉപരാഷ്ട്രപതി, മുന്‍ വിദേശകാര്യ സെക്രട്ടറി ആര്‍മിയിലെ മുന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെല്ലാം എതിരെയാണ് പാകിസ്താനുമായി ഗൂഢാലോചന നടത്തിയെന്ന ആരോപണം ഒരു അടിസ്ഥാനവുമില്ലാതെ മോദി ഉന്നയിക്കുന്നതെന്നും മണിശങ്കര്‍ അയ്യര്‍ കുറ്റപ്പെടുത്തി.

ബി.ജെ.പി നേതാക്കള്‍ പറയുന്നത് അന്ന് നടന്നത് ഡിന്നര്‍ പാര്‍ട്ടിയല്ല മറിച്ച് ഗൂഢാലോചനയാണെന്നാണ്. താനൊരു വാടകക്കൊലയാളിയാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. വളരെ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ പാകിസ്ഥാനുമായും ഇന്ത്യയിലെ മുസ്ലിങ്ങളുമായും വൈര്യം വളര്‍ത്താനുള്ള അത്യന്തം നീചവും ക്രൂരവുമായ ശ്രമമാണ് ഈ പ്രസ്താവനയ്ക്കു പിന്നിലെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു.

1978- 82 കാലത്ത് കറാച്ചിയിലെ കൌണ്‍സല്‍ ജനറലായി തന്നെ നിയമിച്ചത് അന്ന് വിദേശകാര്യ മന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. വാജ്‌പേയി പാകിസ്താനോട് സംശയരോഗ നിലപാടല്ല സ്വീകരിച്ചിരുന്നത്. അദ്ദേഹം ജനാധിപത്യവാദിയായിരുന്നു. പാകിസ്താനെ കുറിച്ച് നരേന്ദ്ര മോദിക്കുള്ള കാഴ്ചപ്പാട് തന്നെ എല്ലാവരും പിന്തുടരണം എന്നാണോ? പ്രധാനമന്ത്രിയെ അറിവിന്റെ നിറകുടമായി കരുതാത്തവരെല്ലാം രാജ്യദ്രോഹികളാണെന്നാണോ എന്നും മണിശങ്കര്‍ അയ്യര്‍ ചോദിക്കുന്നു.

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ മോദി നിരന്തരം ഉന്നയിച്ചിട്ടും, രാഷ്ട്രീയ ധാര്‍മികതയും പെരുമാറ്റചട്ടവും ലംഘിച്ചിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുത്തില്ല. മോദി തന്നെ വെറുക്കുന്നുണ്ടെന്നറിയാം. പക്ഷേ മോദിയോട് നന്ദിയുണ്ട്. മൂന്ന് ജന്മം ജീവിച്ചാലും സാധ്യമല്ലാത്ത പ്രശസ്തി നേടിത്തന്നതിനെന്ന് മണിശങ്കര്‍ അയ്യര്‍ എഴുതി.

നേരത്തെ ഗുജറാത്ത് തെരഞ്ഞെടുപ്പ് സമയത്ത് ബി.ജെ.പിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍ സിങും മണിശങ്കര്‍ അയ്യരും മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും പാക് ഉദ്യോഗസ്ഥരുമായി രഹസ്യകൂടിക്കാഴ്ച നടത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ചിരുന്നു.

അതേസമയം മോദിയുടെ പ്രസ്താവനയില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം രാജ്യസഭയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധമുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭ പ്രക്ഷുബ്ധമായത്.

എന്‍ഡിടിവി വെബ്‌സൈറ്റിലെഴുതിയ ലേഖനം

SHARE